ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കോ എഡ് സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഹോസ്റ്റല്‍ സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍. പ്രതിഷേധവുമായി യൂണിവേഴ്‌സിറ്റിയില്‍ എത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി.

പിഞ്ച്രാത്തോഡ് എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ ഹോസ്റ്റലുകളില്‍ കയറുന്നതും ഇറങ്ങുന്നതും രാവിലെ ഏഴിനും പത്തിനും ഇടയിലാകണമെന്നാണ് നിയമം. ഇതേ പരാതി ഉന്നയിച്ച് ഇവര്‍ പല തവണ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

ആര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രതിഷേധം തുടങ്ങിയപ്പോള്‍ തന്നെ അധികൃതര്‍ യൂണിവേഴ്‌സിറ്റി മെയിന്‍ ഗേറ്റ് അടച്ചു. വിദ്യാര്‍ത്ഥികള്‍ തങ്ങളെ അകത്ത് കടത്താന്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.

Also read:  ശബരിമല; ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് അമിത് ഷാ

ഏറെ നേരം തുടര്‍ന്ന മുദ്രാവാക്യം വിളികള്‍ക്കൊടുവില്‍ യൂണിവേഴ്‌സിറ്റി പ്രോക്റ്റര്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ തയ്യാറായി.എന്നാല്‍ പ്രോക്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി എടുത്തില്ല എന്നും പേര് വ്യക്തമാക്കാത്ത ഏതൊ കമ്മിറ്റി ഈ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രോക്റ്ററെ തടയുകയായിരുന്നു. ഇത് സംഘര്‍ഷത്തിനിടയാക്കുകയും പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. “മൂന്ന് വനിതാ പൊലീസുകാര്‍ തന്നെ എടുത്ത് നിലത്തെറിയുകയും വേശ്യ എന്ന വിളിക്കുകയും ചെയ്തുവെന്ന്” സെന്റ് സ്റ്റീഫന്‍സ് കൊളജിലെ വിദ്യാര്‍ത്ഥിയായ അദ്രീത ചക്രബര്‍ത്തി പറയുന്നു.

ആണ്‍കുട്ടികള്‍ക്ക് ഇത്തരം നിയന്ത്രണങ്ങളില്ല ഉണ്ടെങ്കില്‍ അത് രേഖകളില്‍ മാത്രമാണ് എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. അധികൃതര്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ല എങ്കില്‍ പ്രതിഷേധങ്ങള്‍ തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു