മുഖ്യമന്ത്രി ചര്‍ച്ച വൈകുന്നത് തെരഞ്ഞെടുപ്പ് വിജയത്തിന് മങ്ങലേല്‍പ്പിക്കുന്നു; അതൃപ്തിയെന്ന് ലീഗ്
Kerala
മുഖ്യമന്ത്രി ചര്‍ച്ച വൈകുന്നത് തെരഞ്ഞെടുപ്പ് വിജയത്തിന് മങ്ങലേല്‍പ്പിക്കുന്നു; അതൃപ്തിയെന്ന് ലീഗ്
നിഷാന. വി.വി
Monday, 11th May 2026, 2:26 pm

മലപ്പുറം: മുഖ്യമന്ത്രി ചര്‍ച്ച നീണ്ടുപോവുന്നതില്‍ മുസ്‌ലിം ലീഗിന് അതൃപ്തിയെന്ന് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്.

യു.ഡി.എഫിന്റെ വലിയ വിജയത്തിന് മങ്ങലേല്‍പ്പിക്കുന്ന സാഹചര്യമാണിതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ച നേതാക്കളുടെ സ്വീകരണ പരിപാടികള്‍ പോലും മാറ്റിവെക്കേണ്ട സ്ഥിതി വിശേഷമാണുള്ളതെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.

വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരാണ്. ഇതിനാണോ ഞങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചത് എന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. തീരുമാനം വൈകുന്നതില്‍ അതൃപ്തിയുണ്ട്, ഇല്ലെന്ന് പറയാനാവില്ല.

വിജയത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് നിലവിലെ സാഹചര്യം. എത്രയും വേഗം ഇതിനൊരു പര്യവസാനം ഉണ്ടാവണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കാനായി കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന ചര്‍ച്ചയിലും പ്രഖ്യാപനമായില്ല. തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് കൂടുതല്‍ സമയം തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇനി ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അടുത്ത പ്രഖ്യാപനമുണ്ടാവുക.

ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതൊരു തീരുമാനവും അംഗീകരിക്കുമെന്നും തങ്ങള്‍ക്ക് വേണ്ടിയുള്ള ചേരിതിരിഞ്ഞുള്ള പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം നേതാക്കളായ വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ പ്രതികരണം.

Content Highlight: Delay in CM talks is tarnishing election victory; League expresses dissatisfaction

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.