ഐ.പി.എല്ലിലെ രണ്ടാം മത്സരത്തിലും ജയമില്ലാതെ ദല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 12 റണ്‍സിനായിരുന്നു ദല്‍ഹിയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനാണ് സാധിച്ചത്.

മത്സരത്തില്‍ ദല്‍ഹിക്കായി 34 പന്തില്‍ 49 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് വാര്‍ണര്‍ നടത്തിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും ആണ് വാര്‍ണര്‍ അടിച്ചെടുത്തത്. 144.12 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ആവേഷ് ഖാന്‍ എറിഞ്ഞ പതിനൊന്നാം ഓവറിലെ രണ്ടാം പന്തില്‍ സന്ദീപ് ശര്‍മ്മയ്ക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. വെറും ഒരു റണ്‍സകലെയാണ് വര്‍ണറിന് അര്‍ധസെഞ്ച്വറി നഷ്ടമായത്.

ഇതിനു പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 49 റണ്‍സിന് പുറത്തായ താരങ്ങളുടെ പട്ടികയിലേക്കാണ് ഡേവിഡ് വാര്‍ണര്‍ നടന്നുകയറിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ട് തവണയാണ് ഓസ്‌ട്രേലിയന്‍ താരം 49 റണ്‍സിന് പുറത്തായത്. ഐ.പി.എല്ലില്‍ ഇതിനുമുമ്പ് അഞ്ച് താരങ്ങളാണ് 49 റണ്‍സിന് പുറത്തായിട്ടുള്ളത്.

ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ട് തവണ 49 റണ്‍സിന് പുറത്തായ താരങ്ങള്‍

രോഹിത് ശര്‍മ

ക്രിസ് ഗെയ്ല്‍

സഞ്ജു സാംസണ്‍

ക്രിസ് ലിന്‍

ബ്രണ്ടന്‍ മക്കല്ലം

ഡേവിഡ് വാര്‍ണര്‍

വാര്‍ണറിന് പുറമേ ക്യാപിറ്റല്‍സ് നിരയില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 23 പന്തില്‍ 44 റണ്‍സും നേടി.

രാജസ്ഥാന്‍ ബൗളിങ്ങില്‍ നാന്ധ്ര ബര്‍ഗര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. അവശേഷിക്കുന്ന ഒരു വിക്കറ്റ് നേടിയത് ആവേഷ് ഖാന്‍ ആയിരുന്നു.

അതേസമയം രാജസ്ഥാന്‍ ബാറ്റിങ്ങില്‍ നിര്‍ണായകമായത് റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിങ്സ് ആയിരുന്നു. 45 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിക്കൊണ്ടായിരുന്നു പരാഗിന്റെ വെടിക്കെട്ട് പ്രകടനം. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും ആണ് താരം നേടിയത്. 186.67 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

Content Highlight: David Warner create a unwanted record in IPL