'സർക്കാർ നയങ്ങളെ ചോദ്യം ചെയ്യുന്ന യുവാക്കളെ നക്സൽ ചിന്താഗതിയുള്ളവർ എന്ന് മുദ്ര കുത്തുന്നത് അംഗീകരിക്കാനാവില്ല' ;വിമർശനവുമായി സൗരവ് ദാസ്
India
'സർക്കാർ നയങ്ങളെ ചോദ്യം ചെയ്യുന്ന യുവാക്കളെ നക്സൽ ചിന്താഗതിയുള്ളവർ എന്ന് മുദ്ര കുത്തുന്നത് അംഗീകരിക്കാനാവില്ല' ;വിമർശനവുമായി സൗരവ് ദാസ്
ശ്രീലക്ഷ്മി പി.പി
Sunday, 16th August 2026, 10:42 am

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ‘ദിമാഗി നക്സൽ’[നക്സൽ ചിന്താഗതിയുള്ളവർ] പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് സൗരവ് ദാസ്. സർക്കാരിനെ ചോദ്യം ചെയ്യുന്ന വിദ്യാസമ്പന്നരായ യുവാക്കളെ ‘നക്സലുകൾ’ എന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സൗരവ് ദാസ് എക്സിൽ കുറിച്ചു.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സായുധ നക്സലിസം അവസാനഘട്ടത്തിലാണെങ്കിലും സമൂഹത്തിൽ ‘ദിമാഗി നക്സൽ’ അഥവാ നക്സൽ ആശയങ്ങളുള്ളവരുണ്ടെന്ന് മോദി പറഞ്ഞു. അക്രമത്തിനും അസ്വസ്ഥതകൾക്കും അവസരം കാത്തിരിക്കുന്ന ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എന്നാൽ, സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്ന യുവാക്കളെ നക്സലുകൾ എന്ന് വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ അഹങ്കാരവും സർക്കാരിന്റെ കഴിവില്ലായ്മയും വ്യക്തമാക്കുന്നതാണെന്ന് സൗരവ് ദാസ് വിമർശിച്ചു.

‘ദിമാഗി നക്സൽ എന്നോ മറ്റെന്ത് പേരിലോ വിളിക്കുന്നത് കൊണ്ട് കാര്യമില്ല, പ്രധാനമന്ത്രീ. വിദ്യാഭ്യാസമുള്ള യുവാക്കളെ എങ്ങനെ ഇത്ര ലാഘവത്തോടെ ‘നക്സലുകൾ’ എന്നൊക്കെ വിളിക്കാനാകും? അവർ നിങ്ങളുടെ സർക്കാരിനെ ചോദ്യം ചെയ്യുന്നു എന്നതുകൊണ്ടുമാത്രമോ? ഇത് അഹങ്കാരമാണ്! അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ കഴിവില്ലായ്മയുമാണ്.’എന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.

സമാധാനപരമായ പ്രതിഷേധങ്ങളുടെ പുതിയ കാലഘട്ടത്തിന് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു. ‘ഉണർവിന്റെ ഒരു കാലഘട്ടം ആരംഭിച്ചിരിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തിന്റെ ഒരു കാലഘട്ടവും ആരംഭിച്ചിരിക്കുന്നു,’ ദാസ് വ്യക്തമാക്കി.

കാലക്രമേണ ‘പഴയവരെയും അഴിമതിക്കാരെയും കഴിവുകെട്ടവരെയും അഹങ്കാരികളെയും’ ജനങ്ങൾ പുറത്താക്കുമെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞു. രാജ്യത്തെ ഓരോ ജില്ലയിലും ഒരു ‘ജന്തർ മന്തർ’ രൂപപ്പെടുകയാണെന്നും ദാസ് അവകാശപ്പെട്ടു. പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പരസ്പരം പ്രതീക്ഷ കണ്ടെത്താനും ശക്തിയില്ലെന്ന് കരുതുന്നവർക്ക് ഒരുമിച്ച് നിന്ന് ശക്തി കണ്ടെത്താനുമുള്ള ഇടങ്ങളായാണ് അദ്ദേഹം ഇവയെ വിശേഷിപ്പിച്ചത്.

ജെൻസിയെ വിഭജിക്കാനുള്ള ശ്രമമാണ് അധികാരത്തിലുള്ളവർ നടത്തുന്നതെന്നും ദാസ് ആരോപിച്ചു. ‘നിങ്ങളുടെ ജെൻസി ഞങ്ങളുടെ ജെൻസി’ എന്ന രീതിയിൽ യുവാക്കളെ വേർതിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

‘വിഭജിക്കപ്പെടാൻ വിസമ്മതിക്കുന്ന ജനതയെക്കാൾ ശക്തമായ മറ്റൊന്നുമില്ല. അവർ വിഭജിക്കും. നമ്മൾ ഒന്നിക്കും. അവർ ഭയം പടർത്തും. നമ്മൾ ധൈര്യം പകരും. ഇപ്പോൾ മനസ്സ് ഭയമുക്തമാണ്. ഇനി പിന്നോട്ടില്ല,’ ദാസ് കൂട്ടിച്ചേർത്തു.

സൗരവ് ദാസിന് പുറമെ സി.പി.ഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ,കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കളും പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തെ വിമർശിച്ചു. സർക്കാരിനെ വിമർശിക്കുന്നവരെയും അഭിപ്രായവ്യത്യാസമുള്ളവരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരം പരാമർശങ്ങളെന്നും യഥാർഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

Content Highlight:Saurav Das said that attempts to brand young people who question government policies as being ‘Dimagi Naxal’ will not be accepted.

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.