പനാജി: മേല്‍വിലാസം മാറ്റാന്‍ അപേക്ഷ നല്‍കിയ കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പൂര്‍ണമായി നീക്കം ചെയ്ത നടപടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്.
സാങ്കേതിക സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളുടെ പിഴവുകള്‍ നിയമപരമായ അവകാശങ്ങള്‍ക്ക് മുകളിലല്ലെന്ന് കോടതി വ്യക്തമാക്കി. സാന്താക്രൂസ് അസംബ്ലി മണ്ഡലത്തില്‍ താമസം മാറിയതിനെ തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ മേല്‍വിലാസം തിരുത്തുന്നതിനായി ‘ഫോം 8’ സമര്‍പ്പിച്ച പരേഷ് സാല്‍ഗോങ്കര്‍ക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്.
ഇവരുടെ അപേക്ഷ പരിഗണിച്ചപ്പോള്‍ സാങ്കേതിക തകരാര്‍ മൂലം സിസ്റ്റം അപേക്ഷ നിരസിക്കുകയും തുടര്‍ന്ന് ഇവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് പുതിയ വോട്ടര്‍മാര്‍ക്കുള്ള ‘ഫോം 6’ സമര്‍പ്പിക്കാനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇവരോട് ആവശ്യപ്പെട്ടത്.
എന്നാല്‍ നിലവിലുള്ള വോട്ടര്‍മാര്‍ക്ക് ഫോം 6 ബാധകമല്ലെന്നും ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിഗണിച്ച ജസ്റ്റിസ് അമിത് എസ്. ജാംസണ്ടേക്കര്‍, ജസ്റ്റിസ് വാല്‍മീകി മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വീഴ്ചകളെ രൂക്ഷമായി വിമര്‍ശിച്ചു.
ഹിയറിങ്ങിന് അവസരം നല്‍കാതെ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ നിയമത്തില്‍ എവിടെയാണ് വ്യവസ്ഥയുള്ളതെന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥര്‍ സിസ്റ്റത്തിന്റെ തകരാറുകള്‍ക്ക് മേല്‍ കുറ്റം ചുമത്തി ഒഴിയുകയാണെന്നും കോടതിയില്‍ എത്താത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് സമാനമായ രീതിയില്‍ വോട്ടവകാശം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഉദ്യോഗസ്ഥര്‍ക്ക് സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ പരിഹരിച്ച് വോട്ടര്‍മാര്‍ക്ക് നീതി ഉറപ്പാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാനും ബെഞ്ച് നിര്‍ദേശിച്ചു.
അതേസമയം, ആന്ധ്രാപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ നടക്കുന്ന പ്രത്യേക വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ നടപടികളുടെ സമയം നീട്ടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ പകുതിയോടെ പ്രസിദ്ധീകരിക്കും.
Content Highlight: What is this technical glitch regarding the deletion of names from the Goa voters’ list? The High Court questions the Election Commission.
