ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ വെറ്റില വാങ്ങുന്നതിനിടെ കയ്യില്‍ തട്ടിയെന്നാരോപിച്ച് ദളിത് യുവാവിന് സവര്‍ണ ജാതിക്കാരുടെ മര്‍ദനം. ഗീര്‍വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മസൂരി ഗ്രാമവാസിയായ രാം മിലന്‍ എന്ന യുവാവിന് നേരെയാണ് മര്‍ദനവും വധഭീഷണിയും ഉണ്ടായത്.

രാംമിലന്‍ സന്തോഷ് യാദവ് എന്നയാള്‍ക്ക് വെറ്റില (പാന്‍) നല്‍കുന്നതിനിടയില്‍ അബദ്ധത്തില്‍ കയ്യ് തൊട്ടുപോവുകയായിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതരായ പ്രതികള്‍ ജാതി പേര് പറഞ്ഞ് അധിക്ഷേപിക്കുകയും വടിക്കൊണ്ട് രാം മിലനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

പ്രതികള്‍ തന്റെ കൈയ്യില്‍ നിന്നും 35000 രൂപ തട്ടിയെടുത്തതായും പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മിലന്‍ പറയുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മിലന്‍ ജില്ലാ മജിസ്‌ട്രേറ്റിന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ ദളിത് വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം ബ്രാഹ്‌മണ യുവതിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ യുവാവ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസിന്റെ വാദം.

Content Highlight: Dalit youth beaten and threatened with death for allegedly touching an upper-caste man.