അമേരിക്കൻ ഉപരോധത്തിൽ ഇരുട്ടിലായി ക്യൂബ
Trending
അമേരിക്കൻ ഉപരോധത്തിൽ ഇരുട്ടിലായി ക്യൂബ
മുഹമ്മദ് നബീല്‍
Tuesday, 17th March 2026, 10:38 am

ഹവാന: മൂന്നുമാസത്തോളമായി തുടരുന്ന അമേരിക്കൻ ഉപരോധത്തിൽ ഇന്നലെ (തിങ്കൾ) രാജ്യ വ്യാപകമായി വൈദ്യുതി തടസ്സം നേരിട്ടതായി ക്യൂബൻ ഊർജ മന്ത്രാലയം. ഉപരോധം രാജ്യത്തെ പവർ സ്റ്റേഷനുകളെ ബാധിച്ചതോടെ ഒരു കോടിയിലധികം പേർ ഇരുട്ടിലായതായാണ് റിപ്പോർട്ടുകൾ.

അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പ്രോട്ടോക്കോളുകൾ സജ്ജമാക്കിയതായും മതാൻസാസിലെ ഫൗസ്റ്റിനോ പെരസ് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

പെട്ടെന്ന് വൈദ്യുതി തടസ്സം നേരിട്ടത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ക്യൂബൻ വൈദ്യുതി മന്ത്രി പറഞ്ഞു.

ക്യൂബയിലേക്ക് എണ്ണ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ അമേരിക്ക കടുത്ത താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതുമുതൽ കടുത്ത ഇന്ധന, വൈദ്യുതി ക്ഷാമത്തിലാണ് രാജ്യം.

ക്യൂബയ്ക്ക് നിരന്തരം സഹായമെത്തിച്ചിരുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പങ്കാളിയെയും തട്ടിക്കൊണ്ടുപോയി ഭരണം പ്രതിസന്ധിയിലാക്കിയത് ക്യൂബയ്ക്ക് വലിയ തിരിച്ചടിയാണ് .

റഷ്യ, ചൈന, ഇറാൻ, ഫലസ്‌തീൻ അനുകൂല സായുധ ഗ്രൂപ്പുകൾ എന്നിവയുമായുള്ള ക്യൂബയുടെ ബന്ധമാണ് സാമ്പത്തിക സമ്മർദത്തിന് ന്യായീകരണമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്.

അതിനിടയിൽ അമേരിക്കൻ ഭീഷണിയെ മറികടന്ന് മെക്സിക്കോ ക്യൂബയിലേക്ക് അവശ്യ വസ്തുക്കൾ എത്തിച്ചിരുന്നു.

തങ്ങളുടെ അടിസ്ഥാന തത്വങ്ങളിലോ പരമാധികാരത്തിലോ വിട്ടുവീഴ്ച ചെയ്യാതെ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് വെള്ളിയാഴ്ച ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ പറഞ്ഞിരുന്നു.

അമേരിക്കയുടെ ക്രൂരമായ ഉപരോധം കാരണം കഴിഞ്ഞ മൂന്ന് മാസമായി ക്യൂബയിലേക്ക് എണ്ണക്കപ്പലുകൾ എത്തിയിട്ടില്ലെന്നും, ഇത് വൈദ്യസഹായം ആവശ്യമുള്ള കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി പേരെ ബാധിച്ചതായും ഡയസ് കാനൽ പറഞ്ഞു.

Content Highlight: Cuba plunged into darkness under US embargo

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം