അബുദാബി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും തമ്മില്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പുറമെ മേഖല നേരിടുന്ന വെല്ലുവിളികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ വിഷയത്തിനായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാന പരിഗണന. ഏകദേശം ആറുമണിക്കൂറോളം ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായി ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ സാഹചര്യങ്ങളും മേഖലയില്‍ തുടരുന്ന സംഘര്‍ഷങ്ങളും ചര്‍ച്ചയില്‍ പ്രധാനമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണപ്രകാരമാണ് നെതന്യാഹു അബുദാബിയിലെത്തിയത്.

2020ലെ കരാറിലൂടെയാണ് യു.എ.ഇയും ഇസ്രഈലും ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചത്. അതിനുശേഷം ഇരുരാജ്യങ്ങളും സുരക്ഷ, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കിയിട്ടുണ്ട്.

ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലാ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഈ ബന്ധത്തില്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

അതേസമയം, നെതന്യാഹുവിന്റെ അബുദാബി സന്ദര്‍ശനം ഇസ്രഈലില്‍ മറ്റൊരു വിവാദം ശക്തമായിരിക്കുന്ന സമയത്താണ്.

2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന് മുമ്പ് ഷെയ്ഖ് മുഹമ്മദ് നെതന്യാഹുവിന് ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

നെതന്യാഹു ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. യു.എ.ഇ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും ഇസ്രഈലുമായി തുറന്ന ആശയവിനിമയ മാര്‍ഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇസ്രഈലുമായി നയതന്ത്രബന്ധം നിലനിര്‍ത്തുന്നതിനൊപ്പം ഗസയിലെ നടപടികളെ യു.എ.ഇ തുടര്‍ച്ചയായി അപലപിച്ചിരുന്നു.

Content Highlights: Crucial talks on the Iran issue; Netanyahu met with the UAE President.