വിരമിച്ചാല്‍ പരിശീലകനാവില്ല, എന്റെ ആഗ്രഹം അത് മാത്രമാണ്: റൊണാള്‍ഡോ
Football
വിരമിച്ചാല്‍ പരിശീലകനാവില്ല, എന്റെ ആഗ്രഹം അത് മാത്രമാണ്: റൊണാള്‍ഡോ
സുദേവ് എ
Monday, 17th August 2026, 5:27 pm

ഫുട്‌ബോളിലെ തന്റെ ഭാവിയെക്കുറിച്ച് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വിരമിച്ചതിന് ശേഷം താന്‍ ഏത് റോളിലെത്തുമെന്നതിനെ കുറിച്ചാണ് റൊണാള്‍ഡോ തുറന്നു പറഞ്ഞത്.

വിരമിച്ചതിന് ശേഷം പരിശീലകനാവാന്‍ തനിക്ക് താത്പര്യമില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. ദേശീയ ടീമില്‍ നിന്നും വിരമിക്കുന്ന കാര്യം താന്‍ മുന്‍കൂട്ടി ആരോടും പറയില്ലെന്നും പെട്ടെന്നായിരിക്കും താന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയുള്ളുവെന്നും റൊണാള്‍ഡോ വ്യക്തമാക്കി. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

‘എന്റെ ഭാവി എന്തായിരിക്കണമെന്ന് ഞാന്‍ ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ട്. വിരമിച്ചാലും എനിക്ക് ചെയ്യാനായി ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ഒന്ന് എന്തായിരിക്കുമെന്ന് പ്രത്യേകമായി എനിക്ക് പറയാന്‍ ബുദ്ധിമുട്ടാണ്. യാത്ര ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. 25 വര്‍ഷങ്ങളായുള്ള വലിയ കഷ്ടപ്പാടുകള്‍ക്കും ത്യാഗങ്ങള്‍ക്കും ശേഷമുള്ള വിശ്രമം ആണല്ലോ. അത് ഞാന്‍ തീര്‍ച്ചയായും അസ്വദിക്കും.

ക്ലബ്ബിന്റെ ഉടമയാകുന്ന കാര്യം ഞാന്‍ തള്ളിക്കളയുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായി ഞാന്‍ ചിന്തിച്ച കാര്യമാണിത്. എനിക്ക് ഒരു ക്ലബ്ബ് സ്വന്തമാക്കാന്‍ ആഗ്രഹമുണ്ട്. പരിശീലകനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് എനിക്ക് യോജിച്ച റോളല്ല. ദേശീയ ടീമില്‍ നിന്നും വിരമിക്കുന്നത് ഞാന്‍ മുന്‍കൂട്ടി ആരോടും പറയില്ല. പെട്ടെന്നായിരിക്കും തീരുമാനം എടുക്കുക. ഇത് നന്നായി ആലോചിച്ചതിന് ശേഷമായിരിക്കും ഞാന്‍ പ്രഖ്യാപിക്കുക,’ റൊണാള്‍ഡോ പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ പന്തുതട്ടിയാണ് റൊണാള്‍ഡോ ഇതിഹാസമായത്. 2009ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സ്പാനിഷ് ടീമിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ സ്വന്തമാക്കി.

നീണ്ട ഒമ്പത് വര്‍ഷത്തെ റയല്‍ മാഡ്രിഡിലെ കരിയറിന് ശേഷം 2018ല്‍ താരം യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കും റൊണാള്‍ഡോ കൂടുമാറി.

റെഡ് ഡെവിള്‍സില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ നസറിലേക്കാണ് റൊണാള്‍ഡോ ചേക്കേറിയത്. സൗദിയില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ പുറത്തെടുക്കുന്നത്.

അതേസമയം 2026 ലോകകപ്പില്‍ കിരീടം നേടാനിറങ്ങിയ റൊണാള്‍ഡോയുടെയും പോര്‍ച്ചുഗലിന്റെയും പോരാട്ടം കണ്ണീരില്‍ അവസാനിച്ചിരുന്നു. പ്രീക്വാര്‍ട്ടര്‍ വരെയാണ് റൊണാള്‍ഡോക്ക് ലോകകപ്പില്‍ മുന്നേറാന്‍ സാധിച്ചത്. ചാമ്പ്യന്മാരായ സ്പെയ്നിനോട് പരാജയപ്പെട്ടായിരുന്നു പോര്‍ച്ചുഗലിന്റെ മടക്കം. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

 

Content Highlight: Cristiano Ronaldo talks about his future in football

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.