സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ ഷബാബിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
അല്‍ ഷബാബിനെതിരെയുള്ള ഗോള്‍ നേട്ടത്തിന് പിന്നാലെ റോണോ ഗ്രൗണ്ടില്‍ സുജൂദ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗോള്‍ നേടുമ്പോള്‍ അല്‍ നസര്‍ താരങ്ങള്‍ ചെയ്യാറുള്ള ആഘോഷം പിന്തുടരുകയായിരുന്നു റോണോ. വിജയ ഗോളിന് പിന്നാലെ റോണോയെ പ്രശംസിക്കാന്‍ സഹതാരങ്ങള്‍ അരികിലെത്തിയപ്പോള്‍ താരം മുട്ടുകുത്തി ഗ്രൗണ്ടില്‍ നെറ്റി സ്പര്‍ശിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. റോണോയുടെ ഗോള്‍ സെലിബ്രേഷന് കണ്ട് സഹതാരങ്ങള്‍ കയ്യടിക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.
Cristiano doing Sujood after scoring pic.twitter.com/rqmMoFJjHj
— CR7 Rap Rhymes (@cr7raprhymes) May 23, 2023
അതേസമയം, മത്സരത്തിന്റെ 25ാം മിനിട്ടില്‍ അല്‍ ഷബാബ് താരം ക്രിസ്റ്റിയന്‍ ഗ്വാന്സ ആദ്യ ഗോള്‍ നേടുകയായിരുന്നു. 40ാം മിനിട്ടില്‍ ഗ്വാന്സയുടെ രണ്ടാം ഗോള്‍ പിറന്നപ്പോഴും അല്‍ നസറിന് ലക്ഷ്യം കാണാനായിരുന്നില്ല. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ടലിസ്ക അല്‍ ആലാമിക്കായി ആശ്വാസ ഗോള്‍ നേടി. പെനാല്‍ട്ടി ഏരിയയില്‍ നിന്നായിരുന്നു ടലിസ്കയുടെ ഗോള്‍ പിറന്നത്.
വാശിയേറിയ പോരാട്ടത്തിന്റെ 51ാം മിനിട്ടില്‍ ഗരീബിന്റെ ഗോള്‍ ലക്ഷ്യം കണ്ടതോടെ സ്കോര്‍ സമനിലയിലായി. മത്സരത്തിലുടനീളം മികവ് പുലര്‍ത്തിയ 38കാരനായ പോര്‍ച്ചുഗല്‍ ഇതിഹാസം തന്റെ മുഴുവന്‍ കരുത്തും പുറത്തെടുത്ത് 59ാം മിനിട്ടില്‍ ഗോള്‍ അല്‍ ഷബാബ് വലയിലെത്തിച്ചു ഇതോടെ മത്സരം 3-2 എന്ന നിലയിലായി.
CRISTIANO RONALDO GOLAZO pic.twitter.com/GcSUjXgxna
— TC (@totalcristiano) May 23, 2023
ഇതോടെ അല്‍ നസറിനായി നേടിയ ആകെ ഗോളുകളുടെ എണ്ണം 14 ആക്കി ഉയര്‍ത്താന്‍ റോണോക്ക് സാധിച്ചു. ഇതിനുപുറമെ രണ്ട് അസിസ്റ്റുകളുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
ഇതുവരെ കളിച്ച 28 മത്സരങ്ങളില്‍ നിന്ന് 19 ജയവും മൂന്ന് തോല്‍വിയുമായി 63 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 20 ജയവുമായി മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്ത്.
മെയ് 27ന് ഇത്തിഫാഖിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlights: Cristiano Ronaldo doing Sujood after the win goes viral
