ഒറ്റയാനിറങ്ങുന്ന ആനത്താരയില്‍ വട്ടം കയറി നില്‍ക്കരുത് നെല്‍സാ; എജ്ജാതി ക്രിഞ്ച് ഡയലോഗാ, റണ്‍വേക്ക് മാര്‍ക്കോയിലുണ്ടായതാണ് കാട്ടാളനെന്ന് ട്രോളന്മാര്‍
Malayalam Cinema
ഒറ്റയാനിറങ്ങുന്ന ആനത്താരയില്‍ വട്ടം കയറി നില്‍ക്കരുത് നെല്‍സാ; എജ്ജാതി ക്രിഞ്ച് ഡയലോഗാ, റണ്‍വേക്ക് മാര്‍ക്കോയിലുണ്ടായതാണ് കാട്ടാളനെന്ന് ട്രോളന്മാര്‍
അമര്‍നാഥ് എം.
Sunday, 16th August 2026, 6:32 pm

മാര്‍ക്കോയുടെ അതേ ഫ്‌ളേവറില്‍ കുറച്ച് ആനക്കൊമ്പ് കടത്തലും വയലന്‍സും മിക്‌സ് ചെയ്ത് ഒരുക്കിയ ചിത്രമാണ് കാട്ടാളന്‍. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്നാണ് പലരും കാട്ടാളനെ വിശേഷിപ്പിക്കുന്നത്. ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രം ബജറ്റിന്റെ പകുതി പോലും കിട്ടാതെയാണ് കളംവിട്ടത്.

കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ കാട്ടാളനെ തലങ്ങും വിലങ്ങും ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ട്രോളന്മാര്‍ക്ക് ഇത്രയും ചാകര തന്ന മറ്റൊരു സിനിമ അടുത്തൊന്നും വന്നിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നല്ലൊരു പ്ലോട്ട് കിട്ടിയിട്ടും അതിനെ വളരെ മോശമായ രീതയില്‍ കൈകാര്യം ചെയ്‌തെന്നാണ് കാട്ടാളനെക്കുറിച്ചുള്ള കമന്റുകള്‍.

ചിത്രത്തില്‍ എല്ലാം ട്രോള്‍ മെറ്റീരിയലാണെങ്കിലും പലരും എടുത്തുപറയുന്നത് ഇതിലെ ഡയലോഗുകളാണ്. അമച്വര്‍ നാടകങ്ങളെ തോല്‍പിക്കുന്ന ക്രിഞ്ച് ഡയലോഗാണ് ആദ്യാവസാനം കാട്ടാളനിലുള്ളതെന്നാണ് വിമര്‍ശനം. നായകനായ ആന്റണിയുടെ ഡയലോഗ് ഡെലിവറി പറ്റേ ശോകമെന്നാണ് പ്രധാന കമന്റുകള്‍. ആശുപത്രിയില്‍ വെച്ച് പൊലീസ് ഓഫീസറോട് പറയുന്ന മാസ് ഡയലോഗിനെയാണ് എല്ലാവരും ഒരുപോലെ ട്രോളുന്നത്.

തന്നെ വെല്ലുവിളിച്ച പൊലീസ് ഓഫീസറുടെ മുന്നില്‍ മാസായി നടന്നുവന്നിട്ട് ‘ഒറ്റയാനിറങ്ങുന്ന ആനത്താരയില്‍ വട്ടം കയറി നിക്കരുത് നെല്‍സാ, നിന്റെ വീടിന്റെ മുന്നില്‍ കറുത്ത കൊടി പൊങ്ങും’ എന്ന ക്രിഞ്ച് ഡയലോഗാണ് നായകന്‍ പറയുന്നത്. പിന്നീട് റണ്‍വേയിലെ സീനിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഒരു ചാലഞ്ചും വെച്ചുകൊടുക്കുന്നുണ്ട്.

കൃത്യമായി സമയമറിയിച്ച് കള്ളക്കടത്ത് നടത്തുന്ന നായകനെയും അതിനെ തടയാന്‍ നോക്കുന്ന വില്ലനെയും റണ്‍വേയിലേത് പോലെ സംവിധായകന്‍ എടുത്തുവെച്ചിട്ടുണ്ട്. റണ്‍വേയില്‍ സ്പിരിറ്റാണെങ്കില്‍ കാട്ടാളനിലെത്തുമ്പോള്‍ അത് ആനക്കൊമ്പായി മാറുന്നുണ്ട്. പാന്‍ ഇന്ത്യനാകാന്‍ കുറച്ച് പുഷ്പയുടെ ഫ്‌ളേവറും സംവിധായകന്‍ ചേര്‍ക്കാന്‍ മറന്നിട്ടില്ല.

ഒരുലോഡ് കഥാപാത്രങ്ങളെ സംവിധായകന്‍ കുത്തിക്കയറ്റി വെച്ചതിനെയും ട്രോളുന്നുണ്ട്. തെലുങ്കില്‍ നിന്ന് കൊണ്ടുവന്ന സുനിലിന് ഫുള്‍ടൈം സിഗരറ്റ് വലിക്കാന്‍ കൊടുത്ത സംവിധായകന്‍ തമിഴില്‍ നിന്ന് ദുഷാര വിജയനെ ഒരു കാര്യവുമില്ലാതെ കൊണ്ടുവന്നിട്ടുമുണ്ട്. ഗസ്റ്റ് റോളില്‍ അല്‍ഫോണ്‍സ് പുത്രനെയും ലോകേഷിനെയും കൊണ്ടുവന്ന് ട്രോള്‍ മെറ്റീരിയലാക്കിയതും ചര്‍ച്ചയാകുന്നുണ്ട്.

Content Highlight: Cringe dialogues in Kattalan movie getting trolls

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം