തിരുവനന്തപുരം: കേരളത്തില്‍ പ്രൈവറ്റ് സ്‌കൂളില്‍ ഉയര്‍ന്ന ഫീസ് നല്‍കി മക്കളെ പഠിപ്പിക്കുന്ന സ്ത്രീകള്‍ സൗജന്യ യാത്രയ്ക്കായി ബസ്സുകളില്‍ തള്ളിക്കയറുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. ആശുപത്രിയുടെ കാര്യം വരുമ്പോള്‍ ഇതേ സ്ത്രീകള്‍ തന്റെ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരുടെ യൂണിയന്റെ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റ രീതികള്‍ തന്നെ അതിശയിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ അഭിപ്രായ പ്രകടനം. ‘കേരളത്തിലെ ജനങ്ങളുടെ ബിഹേവിയര്‍, ബിഹേവിയര്‍ സയന്‍സൊക്കെ പഠിക്കുകയും അതിനെക്കുറിച്ചൊക്ക… ബിഹേവിയര്‍, അഭിനയിച്ച് കാണിക്കല്‍ ചില്ലറ കാര്യമല്ല. ഒരു പാവപ്പെട്ടവനായി പണക്കാരന്‍ അഭിനയിക്കുന്നു. അല്ലെങ്കില്‍ പരമ ദരിദ്രനായി അഭിനയിക്കുന്നു,’ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളിലേക്കും ഫീസ് വേണ്ടാത്ത സ്വകാര്യ സ്‌കൂളിലേക്കും പോലും അയക്കാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്കാണ് മക്കളെ പഠിപ്പിക്കാന്‍ വിടുന്നത്. ആശുപത്രിയുടെ കാര്യം വരുമ്പോള്‍ ഇതേ സ്ത്രീ തന്റെ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് ഗവണ്‍മെന്റ് ആശുപത്രിയില്‍ വരാന്തയില്‍ കിടക്കുകയാണെന്നും സി.പി. ജോണ്‍ പറഞ്ഞു.
സ്വകാര്യ ബസ് വിട്ട് സ്ത്രീകള്‍ പ്രിയദര്‍ശിനി കാത്തുനിന്ന് തിക്കി തിരക്കി പോകുന്നതിന്റെ കാരണം കുടുംബിനികള്‍ക്ക് കയ്യില്‍ കാശില്ലാത്തതുകൊണ്ടാണ്. ഈ ബസ്സിന് കാശില്ലാത്ത സ്ത്രീ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുകയാണെന്നും സി.പി.ജോണ്‍ പറയുന്നു.
പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്ന് കാര്യങ്ങളില്‍ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ‘ബസ് വന്നാല്‍ കാശു കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കേറണം. എന്നാല്‍ തൊട്ടപ്പുറത്ത് കുട്ടിയെ ചേര്‍ക്കുന്നത് ഫീസ് കൊടുക്കുന്ന സ്‌കൂളിലാണ്. അസുഖം വന്നാല്‍ പ്രൈവറ്റ് ആശുപത്രിയില്‍ പോകാന്‍ പേടിയാണ് കാരണം അവിടെ കൊടുക്കാന്‍ പൈസയില്ല,’ മന്ത്രി പറഞ്ഞു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ മന്ത്രി ഈ വിഷയത്തില്‍ വിശദീകരണവും നടത്തി. പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് വിശദീകരണം. താന്‍ പ്രസംഗിച്ചത് നാട്ടിലെ ദാരിദ്ര്യത്തെ കുറിച്ചാണെന്ന് മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതിയുടെ വിജയം ചൂണ്ടിക്കാട്ടുന്നത്. രാഹുല്‍ ഗാന്ധിയാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പദ്ധതി നിര്‍ദേശിച്ചത്. കേരളത്തിലെ താന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും തന്റേത് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നാട്ടിലെ സാഹചര്യം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നെന്നും ജോണ്‍ പറഞ്ഞു.
‘പ്രിയദര്‍ശിനി ബസിന്റെ വിജയം അല്ലെങ്കില്‍ ആ സ്‌കീമിന്റെ വിജയം നമ്മുടെ ദാരിദ്ര്യത്തിന്റെ പ്രതിഫലനമാണ്. ഞങ്ങളുടെ വിജയമല്ല. ഇവിടെ ഇത്രയും കട്ടപിടിച്ച ദാരിദ്ര്യം ഉണ്ടായിരുന്നു. ദാരിദ്ര്യമേ എടുത്തു കളഞ്ഞു എന്നാണല്ലോ കഴിഞ്ഞ ഗവണ്‍മെന്റ് പറഞ്ഞത്. പക്ഷേ ഈ ദാരിദ്ര്യം ഉള്ളതുകൊണ്ടാണ് ഇത്രയും വലിയ ഒരു പ്രതിഫലനം ഉണ്ടായത്,’ സി.പി. ജോണ്‍ പറഞ്ഞു.
‘പ്രിയദര്‍ശനി പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനം ഈ നാട്ടിലെ ആളുകളുടെ പരമമായ ബുദ്ധിമുട്ടുകളാണ്. ആ ബുദ്ധിമുട്ടുള്ള ജനതയെയാണ് നമ്മള്‍ അഡ്രസ്സ് ചെയ്യേണ്ടത്. ആശുപത്രിയില്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല.
അപ്പോ പൊതുഗതാഗതത്തില്‍ ഈ ഗവണ്‍മെന്റ് എടുത്തിട്ടുള്ള സമീപനം വളരെ പോസിറ്റീവ് ആയിട്ടുള്ള സമീപനമാണല്ലേ. ഇത് രാഹുല്‍ ഗാന്ധിയല്ലേ പറഞ്ഞത്. ഇപ്പോ ഞങ്ങള്‍ അടക്കം പറഞ്ഞില്ലല്ലോ. ഞാന്‍ അടക്കമുള്ള ആളുകള്‍ക്ക് ഇത്രയും ഗൗരവമായ ഒരു പ്രശ്‌നം കൊതുഗതാഗത രംഗത്ത് ഉണ്ട് എന്നുള്ളത് മനസിലാക്കാന്‍ കഴിഞ്ഞില്ല. എന്റെ രാഷ്ട്രീയ പാര്‍ട്ടി അടക്കമുള്ള കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് പറഞ്ഞിരുന്നില്ലല്ലോ,’ മന്ത്രി പറഞ്ഞു.
Content Highlight: CP John’s Remark About People using Priyadarsini Buses
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.