കെ. രാജനെതിരായ വ്യാജപ്രചാരണം; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മാപ്പ് അംഗീകരിച്ചു
Kerala News
കെ. രാജനെതിരായ വ്യാജപ്രചാരണം; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മാപ്പ് അംഗീകരിച്ചു
ആദര്‍ശ് എം.കെ.
Wednesday, 8th April 2026, 7:50 am

ഒല്ലൂര്‍: മന്ത്രി കെ. രാജനെതിരായ വ്യാജപ്രചാരണത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു. ഡിജിറ്റല്‍ സര്‍വേ ഉപകരണങ്ങള്‍ വാങ്ങിയതില്‍ മന്ത്രി കെ. രാജനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടെന്ന് വ്യാജപ്രചാരണം നടത്തുകയും പത്രത്തില്‍ വാര്‍ത്ത നല്‍കുകയും ചെയ്ത സംഭവത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാജി കോടങ്കണ്ടത്തിന്റെ മാപ്പപേക്ഷയാണ് കോടതി അംഗീകരിച്ചത്.

ഈ ആരോപണങ്ങളുന്നയിച്ച് സമൂഹമാധ്യമങ്ങളിലുള്ള കുറിപ്പുകള്‍ 24 മണിക്കൂറിനകം നീക്കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഷൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

വ്യാജപ്രചരണങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കൂടിയായ കെ. രാജന്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നടപടി.

ഹൈക്കോടതിയുടേതെന്ന പേരില്‍ വ്യാജ ഉത്തരവ് പ്രചരിപ്പിച്ച ഷാജി കോടങ്കണ്ടത്ത് വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒന്നാം പേജില്‍ ക്ഷമാപണം നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്ന് സത്യവാങ്മൂലം പരിശോധിച്ച കോടതി ക്ഷമാപണം അംഗീകരിക്കുകയായിരുന്നു.

നേരത്തെ ഷാജി മാപ്പ് പറയണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. വാക്കുകള്‍ കൊണ്ട് കളിക്കരുതെന്നും, കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ പറഞ്ഞിരുന്നു.

 

Content Highlight: Court accepts UDF candidate’s apology for false campaign against Minister K. Rajan

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.