helmetpetrol
കൊച്ചി: ഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മാത്രം പെട്രോള്‍ നല്‍കുന്ന “വെയര്‍ ഹെല്‍മറ്റ്, ഗെറ്റ് പെട്രോള്‍, ബീ സേഫ്” പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യം 15 ദിവസത്തെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയശേഷം നിയമഭേദഗതിക്ക് ശേഷം നടപ്പാക്കിയശേഷം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ഇരുമ്പനം ബി.പി.സി.എല്‍ പെട്രോള്‍ പമ്പിലായിരുന്നു ഉദ്ഘാടനം നടന്നത്. ഹെല്‍മെറ്റ് ധരിച്ച് പമ്പിലെത്തുന്നവര്‍ക്ക് കൂപ്പണ്‍ നല്‍കാനും മാസത്തില്‍ ഒരിക്കല്‍ നറുക്കെടുത്ത് 5 ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കാനും തീരുമാനമായി.

ഹെല്‍മെറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ല എന്ന തീരുമാനത്തില്‍ ജനങ്ങള്‍ക്ക് ആങ്കയുണ്ടെങ്കില്‍ പദ്ധതിയുമായി മുന്നോട്ടു പോകില്ലയെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയുന്നു. ഇതു സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയോട് വിശദീകരണം തേടിയിരുന്നുവെന്നും വിശദീകരണം തൃപ്തികരമായിരുന്നുവെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുമെന്നും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും ടോമിന്‍ ജെ. തച്ചങ്കരി വ്യക്തമാക്കിയിരുന്നു.തീരുമാനത്തിലെ അപ്രയോഗികത പല കോണുകളില്‍ നിന്നും ചൂണ്ടിക്കാട്ടിയിയിരുന്നുവെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.