ഒരു മുന്നണിയും എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയിട്ടില്ല; ഭരണവിരുദ്ധ വികാരമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: സി.പി.എ. ലത്തീഫ്
Kerala
ഒരു മുന്നണിയും എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയിട്ടില്ല; ഭരണവിരുദ്ധ വികാരമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: സി.പി.എ. ലത്തീഫ്
അനിത സി
Tuesday, 7th April 2026, 2:50 pm

കോഴിക്കോട്: എല്‍.ഡി.എഫ് ഉള്‍പ്പെടെയുള്ള ഒരു മുന്നണിയും ഒരു പാര്‍ട്ടിയും എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി.പി.എ. ലത്തീഫ്.

സമ്പൂര്‍ണമായ സര്‍ട്ടിഫിക്കറ്റ് എല്‍.ഡി.എഫിന് നല്‍കിയിട്ടില്ല. എങ്കിലും കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലവിലില്ല. ചില വിഷയങ്ങളില്‍ മാത്രമാണ് പാര്‍ട്ടിക്ക് ഭരണകക്ഷിയോട് എതിര്‍പ്പുള്ളത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

ഒരു പാര്‍ട്ടിക്ക് വേണ്ടിയും ആരും സമീപിച്ചിട്ടില്ലെങ്കിലും പല മണ്ഡലങ്ങളിലും പ്രദേശികമായ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പ് കാലത്ത് സ്വാഭാവികമാണെന്നും അദ്ദേഹം വിശദീകരിച്ചു.

പരസ്യമായി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാത്തത് അത് ജനാധിപത്യപരമായി ശരിയല്ലാത്തതുകൊണ്ടാണ്. 36 മണ്ഡലങ്ങളില്‍ സ്വതന്ത്രമായി ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മത്സരിക്കുന്ന എസ്.ഡി.പിഐ, മറ്റ് മണ്ഡലങ്ങളില്‍ ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ലത്തീഫ് വിശദമാക്കി.

കോണ്‍ഗ്രസും ബി.ജെ.പിയും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരെ ഉന്നയിച്ച പ്രധാന ആരോപണമായിരുന്നു എസ്.ഡി.പി.ഐയുമായുള്ള ബന്ധം.

എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും മഞ്ചേശ്വരത്ത് ഡീലുണ്ടാക്കിയെന്നുമൊക്കെ വിമര്‍ശനമുന്നയിച്ച മുന്‍ എസ്.ഡി.പി.ഐ സംസ്ഥാന ഭാരവാഹി തുളസീധരന്‍ പള്ളിക്കലിനെയും ലത്തീഫ് തള്ളിപ്പറഞ്ഞു. പാര്‍ട്ടി പുറത്താക്കിയ വ്യക്തിക്ക് എന്തുവേണമെങ്കിലും പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണെങ്കിലും അവരെല്ലാം ഓരോ മുന്നണിയുടെ ഭാഗമായതിനായില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മാത്രമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും ലത്തീഫ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തങ്ങളുടെ വോട്ട് വേണ്ടെങ്കില്‍ വോട്ട് നല്‍കില്ലെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ആ നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

വേങ്ങര പോലെ എസ്.ഡി.പി.ഐ ശക്തമായി നില്‍ക്കുന്ന മണ്ഡലത്തില്‍ മത്സരിക്കാത്തത് എസ്.ഡി.പി.ഐ അവിടെ ശക്തമാണ് എന്നുള്ളതുകൊണ്ടാണ്. വിജയം നേടിയില്ലെങ്കിലും വോട്ടുറപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫണ്ടും റിസോഴ്‌സും വളരെ കുറവായതിനാല്‍ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുകയെന്നത് സാധ്യമല്ല. അതുകൊണ്ട് അത്ര ശക്തമല്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് ഉറപ്പിക്കാനും ശക്തി തെളിയിക്കാനുമാണ് ശ്രമങ്ങളെന്നും സി.പി.എ. ലത്തീഫ് വിശദീകരിച്ചു.

Content Highlight: No front has sought the support of SDPI; We stand firm on our stance that there is no anti-government sentiment: CPA Latheef

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.