കോഴിക്കോട്: നാദാപുരം പാറക്കടവില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ. ആഭ്യന്തര മന്ത്രിയും മലബാറിലെ കോണ്‍ഗ്രസ് മന്ത്രിയും കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തിയെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
ആഭ്യന്തര മന്ത്രിയുമായി ഏറെ അടുപ്പമുള്ള പ്രവാസി കോണ്‍ഗ്രസ് നേതാവും എ.പി വിഭാഗം നേതാക്കളും പീഡനക്കേസിലെ പ്രതികളെ സഹായിക്കുന്ന തരത്തില്‍ കരുക്കള്‍ നീക്കിയെന്നാണ് ആരോപണമുയരുന്നത്.
തുടക്കം മുതല്‍ തന്നെ പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്നാണ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. സംഭവം കഴിഞ്ഞ ഒമ്പതു ദിവസങ്ങള്‍ക്കുശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം തെറ്റാണെന്ന് കുട്ടിയുടെ അടുത്തബന്ധു പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഈ സംഭവം സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അടക്കമുള്ളവര്‍ അന്ന് തന്നെ അറിഞ്ഞിരുന്നെന്നാണ് ബന്ധു പറഞ്ഞത്. മുപ്പതിന് വൈകുന്നേരം വീട്ടിലെത്തിയ കുട്ടിയ്ക്ക് ഡെറ്റോളിന്റെ ഗന്ധം ഉണ്ടായിരുന്നു. കുട്ടിയുടെ വസ്ത്രങ്ങള്‍ ഭാഗികമായി നനഞ്ഞ നിലയിലായിരുന്നു. ഇക്കാര്യം വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ നിര്‍ത്താതെ കരഞ്ഞകുട്ടി പേടിച്ചരണ്ട് ഒന്നും പറയാനാകാത്ത അവസ്ഥയിലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
രണ്ട് ദിവസത്തിന് ശേഷമാണ് സ്‌കൂളില്‍ നിന്നും വെള്ള ദ്രാവകം ഒഴിച്ച് കുൡപ്പിച്ചതായി കുട്ടി മാതാവിനോട് പറഞ്ഞത്. വിദേശത്ത് ജോലിചെയ്യുന്ന കുട്ടിയുടെ പിതാവ് പീഡനവിവരം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷം സ്‌കൂള്‍ മാനേജ്‌മെന്റിലെ ഒരു പ്രമുഖന്‍ മൂന്നുതവണ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ പുറത്തുപറയരുതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും ഉറപ്പ് നല്‍കി. കുട്ടികളെ കാണിച്ചുതന്നാല്‍ കര്‍ശന നടപടിയെടുക്കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും പോലീസിനെ സമീപിച്ചോ എന്നുമാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
തെളിവുകള്‍ നശിപ്പിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചത്. തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ കുട്ടി തിരിച്ചറിഞ്ഞതാണ്. എന്നാല്‍ അവരെ ഒഴിവാക്കി ബസ് ക്ലീനറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബസ് ക്ലീനര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് കുട്ടി മൊഴി കൊടുത്തിരുന്നു. എന്നിട്ടും യഥാര്‍ത്ഥ പ്രതി ബസ് ക്ലീനറാണെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നത്.
പാറക്കടവ് മേഖലയിലെ മൂന്ന് രാഷ്ട്രീയ നേതാക്കള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിലെ ഒരാളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഒരു നേതാവ് ഭരണതലത്തിലും പോലീസ് തലത്തിലും ഇടപെട്ടുവെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
പീഡനം നടന്നിട്ടില്ലെന്നും സ്‌കൂളിലെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ആദ്യം പറഞ്ഞത്. ഇത് സംബന്ധിച്ച് സിറാജുല്‍ ഹുദാ എജ്യുക്കേഷണല്‍ കോംപ്ലെക്‌സ് സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫിയും മറ്റ് ഭാരവാഹികളും വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു.
പുറത്തുനിന്നുള്ളവരാണ് പീഡനം നടത്തിയതെന്നായിരുന്നു പീന്നീട് പറഞ്ഞത്. പ്രതികള്‍ അറസ്റ്റിലായതോടെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും അഗതികളായ കുട്ടികളാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നുമാണ് പറയുന്നത്.
എന്നാല്‍, സിറാജുല്‍ ഹുദാ എജ്യൂക്കേഷനല്‍ കോംപ്ലക്‌സിന്റെ പ്രമുഖ ഭാരവാഹിയായ മുത്തലിബ് സഖാഫിയുടെ മകനാണ് അറസ്റ്റിലായ മുബശ്ശിര്‍. ഇതു മറച്ചുവച്ചാണ് അനാഥക്കുട്ടികളാണ് അറസ്റ്റിലായതെന്നു പേരോട് പറഞ്ഞതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ ജനകീയ കമ്മിറ്റിക്കു രൂപം നല്‍കാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിലെ കുറ്റവാളികളെ രക്ഷിക്കാന്‍ പോലിസും ഉന്നതാധികൃതരും ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. നിരപരാധിയായ ബസ് ക്ലീനറെ പ്രതിയാക്കാന്‍ ശ്രമിച്ചത് ഇതിനു തെളിവാണ്. സര്‍ക്കാരിന്റെയും അറിവോടെ മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കൂവെന്നും വി.എസ് ആരോപിച്ചിരുന്നു.
നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതികള്‍ക്കനുകൂലമായി ഭരണമുന്നണി എം.പി മുന്നോട്ടുവന്ന വാര്‍ത്ത ഡൂള്‍ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍.എസ്.പി നേതാവും, യു.ഡി.എഫ് എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികള്‍ക്കുവേണ്ടി രംഗത്തുവന്നിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.
ലോകത്ത് മുസ്‌ലീങ്ങള്‍ ഭീകരവാദിയായി മുദ്രകുത്തപ്പെടുന്നുണ്ടെന്നും പാറക്കടവ് വിഷയവും അതുപോലെ ഒന്നാണെന്നുമാണ് പ്രേമചന്ദ്രന്‍ പറയുന്നത്. അഗതികളായ അനാഥ കുട്ടികള്‍ അകാരണമായി അറസ്റ്റ് ചെയ്യപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും സെപ്റ്റംബര്‍ 11 സംഭവത്തിനു ശേഷം ലോകത്ത് മുസ്ലീം സമുദായത്തെ ഭീകരവാദപ്രസ്ഥാനത്തിന്റെ പ്രതീകങ്ങളായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പാറക്കടവിലെ സംഭവവും അതുപോലത്തെ ഒന്നാണെന്നുമായിരുന്നു എം.പിയുടെ അഭിപ്രായം.
