തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് നാലാം മാസം തന്നെ ഗുരുതരമായ ബന്ധുനിയമന-സ്വജനപക്ഷപാത ആരോപണങ്ങൾ പുറത്ത്. കോൺഗ്രസ് നേതാവും കെ.പി.സി.സി. സെക്രട്ടറിമാരിൽ ഒരാളുമായ ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീറിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സിമാറ്റിൽ താത്ക്കാലിക നിയമനം നൽകിയെന്നാണ് റിപ്പോർട്ടർ ടി.വി. പുറത്തുവിട്ട വാർത്ത.

അപേക്ഷ ക്ഷണിക്കുകയോ ഇന്റർവ്യൂ നടത്തുകയോ ചെയ്യാതെ, ബയോഡാറ്റ മാത്രം സ്വീകരിച്ചാണ് നാൽപ്പതിനായിരത്തോളം രൂപ പ്രതിമാസ ശമ്പളമുള്ള റിസർച്ച് ഓഫീസർ തസ്തികയിൽ കരാർ നിയമനം നൽകിയിരിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ വകുപ്പിന് കീഴിലാണ് സിമാറ്റ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക താത്പര്യപ്രകാരമാണ് നിയമനം നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

നിയമന പ്രക്രിയയെക്കുറിച്ച് റിപ്പോർട്ടർ ടി.വി. സിമാറ്റ് ഡയറക്ടർ ഡോ. ആർ. അരുൺകുമാറുമായി സംസാരിച്ചപ്പോൾ വിചിത്രമായ വിശദീകരണമാണ് ലഭിച്ചത്. തസ്തികയിൽ ഒഴിവ് വന്ന സമയത്ത് ഒരു ബയോഡാറ്റ ലഭിച്ചെന്നും, യോഗ്യതകൾ പരിശോധിച്ചപ്പോൾ തൃപ്തികരമായി തോന്നിയതിനാൽ ഉടൻ നിയമിക്കുകയായിരുന്നുവെന്നുമാണ് ഡയറക്ടറുടെ വാദം. അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നും റാങ്ക് ലിസ്റ്റോ ഇന്റർവ്യൂവോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടപ്പോൾ, എല്ലാക്കാലത്തും സർക്കാരുകൾക്ക് താത്പര്യമുള്ളവരെ നിയമിക്കാറുണ്ടെന്ന ലാഘവത്തോടെയുള്ള മറുപടിയാണ് ലഭിച്ചത് എന്നും റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.

ഷാനി ഷഫീറിന് എം.ഫിൽ അടക്കമുള്ള ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളുണ്ട് എന്നതിൽ തർക്കമില്ലെങ്കിലും, ഇതിലും ഉയർന്ന യോഗ്യതയുള്ള ലക്ഷക്കണക്കിന് ചെറുപ്പക്കാർ കേരളത്തിൽ തൊഴിലില്ലാതെ നിൽക്കുമ്പോഴാണ് ഒരു വിജ്ഞാപനവുമില്ലാതെ ഈ വഴിവിട്ട നിയമനം നടത്തിയിരിക്കുന്നത് എന്നതാണ് ഉയർന്നുവരുന്ന വിമർശനം.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ബി.ആർ.എം. ഷഫീർ. അടുത്തകാലത്തായി പൊതുവേദികളിൽ വി.ഡി. സതീശനെ ‘കേരളത്തിന്റെ പൈലറ്റ്’ എന്നും ‘പുതിയ വഴിവെട്ടുന്നയാൾ’ എന്നുമൊക്കെ പുകഴ്ത്തി ഷഫീർ നിരന്തരം രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ സതീശനെ പുകഴ്ത്തുന്നത് സ്വന്തം കാര്യങ്ങൾ സാധിച്ചെടുക്കാനാണെന്ന് നേരത്തെ ദൽഹിയിൽ വെച്ച് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് വിമർശിച്ചിരുന്നു. അടൂർ പ്രകാശിനെതിരെ അന്ന് ഷഫീർ രൂക്ഷമായ സൈബർ ആക്രമണവും നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ സ്വന്തം കുടുംബത്തിലേക്ക് തന്നെയാണ് വഴി വെട്ടിയിരിക്കുന്നതെന്ന് ഈ നിയമനത്തിലൂടെ വ്യക്തമായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തത്.

സർക്കാർ അധികാരമേറ്റതിന് പിന്നാലെ പൊലീസ് അസോസിയേഷന്റെ വേദിയിൽ ബി.ആർ.എം. ഷഫീർ നടത്തിയ പ്രസംഗം വലിയതോതിൽ ചർച്ച ചെയ്തതാണ്. സ്വന്തം ഭാര്യയുടെ സഹോദരീഭർത്താവ് സ്ഥലംമാറ്റത്തിനായി കോലായിൽ വന്നിരുന്നപ്പോൾ, ‘ഇവിടെ രക്തബന്ധത്തിനൊന്നും ഒരു പ്രസക്തിയില്ല, ചോരയും നീരും നൽകി പാർട്ടിക്ക് വേണ്ടി പണിയെടുത്തവർക്ക് മാത്രമേ സഹായം നൽകൂ’ എന്ന് പറഞ്ഞ് തിരിച്ചയച്ചതായി ഷഫീർ പ്രസംഗിച്ചിരുന്നു.

എന്നാൽ, ബന്ധുക്കൾക്ക് വഴിവിട്ട സഹായം ചെയ്യില്ലെന്ന് വീമ്പുപറഞ്ഞ അതേ നേതാവ് തന്നെയാണ് സ്വന്തം ഭാര്യയുടെ കാര്യത്തിൽ എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി ഉയർന്ന ശമ്പളം വാങ്ങുന്ന പദവിയിലേക്ക് പിൻവാതിൽ നിയമനം നേടിയെടുത്തിരിക്കുന്നത് എന്നതാണ് മാധ്യമങ്ങൾ ഉയർത്തുന്ന വിമർശനങ്ങൾ.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബന്ധുനിയമനത്തിനും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭം നയിച്ച കോൺഗ്രസ് നേതൃത്വം, തങ്ങൾ ഭരിക്കുന്ന നാലാം മാസം തന്നെ ഇതേ ആരോപണത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

Content Highlight:Congress leader B.R.M. Shafeer’s wife appointed to the Education Department; appointment alleged to be in violation of rules.