കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ എത്തരുതെന്ന് കൊല്ലം നടവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌ക്കൂള്‍ മാനേജരുടെ നിര്‍ദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു. എസ് നായര്‍ നല്‍കിയ ഹരജിയിലെ ഉത്തരവിലാണ് കോടതി പരാമര്‍ശം.

ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ നിര്‍ദേശം നല്‍കാന്‍ മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ അവകാശമില്ലെന്നും കോടതി പറഞ്ഞു. മാന്യമായ രീതിയില്‍ ധരിക്കുന്നത് ഒരാളുടെ പദവിയേയോ കാര്യക്ഷമതയേയോ കുറച്ച് കാണിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഈ കേസില്‍ ഹരജിക്കാരെ ചുരിദാര്‍ ധരിക്കുന്നതില്‍ നിന്ന് വീണ്ടും പൊലീസ് തടസപ്പെടുത്തിയാല്‍ കൊട്ടാരക്കര പൊലീസ് സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സര്‍ക്കുലര്‍ പ്രകാരം അധ്യാപകര്‍ക്ക് സ്‌കൂളില്‍ ചുരിദാര്‍ ധരിക്കാനുള്ള അനുമതി ഉണ്ടെന്നും കോടതി പറഞ്ഞു. മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ ബന്ധപ്പെട്ട അധികാരിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

Content Highlight: Wearing the attire of one’s choice is a fundamental right; High Court rules teacher can wear a churidar to school.