ന്യൂദൽഹി: ഒക്ടോബർ 10-ന് നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറെടുത്ത ആയിരക്കണക്കിന് പ്രവർത്തകരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പൊലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയാണെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) വക്താവ് ആശുതോഷ് റാങ്ക.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായ നടപടികൾ നടക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ വിമർശിച്ചു.
കൊൽക്കത്തയിൽ അബ്ദുൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ സാധാരണ വസ്ത്രത്തിലെത്തിയ സംഘം കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രമസമാധാനപാലനത്തിന് മുൻഗണന നൽകുന്നതിന് പകരം സമാധാനപരമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്ന വിദ്യാർത്ഥികളെയും പ്രവർത്തകരെയുമാണ് പൊലീസ് വേട്ടയാടുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടികൾ കൊണ്ടൊന്നും ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും, എത്രപേരെ അറസ്റ്റ് ചെയ്താലും സാധാരണക്കാരായ ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘അറസ്റ്റ് ചെയ്തോളൂ, എത്രപേരെ നിങ്ങൾ അറസ്റ്റ് ചെയ്യും? രണ്ടരക്കോടി പാറ്റകൾ ഉണ്ട് ഇവിടെ’ അദ്ദേഹം എക്‌സിൽ കുറിച്ചു.
സമാധാനപരമായ പ്രതിഷേധങ്ങളെ ഭയക്കുന്ന ഭരണകൂടത്തിന്റെ പ്രതികാര നടപടിയാണ് നടക്കുന്നതെന്നും ആശുതോഷ് റാങ്ക കൂട്ടിച്ചേർത്തു.
Content Highlight:Activists preparing to protest are being taken into custody on a large scale; CJP spokesperson Ashutosh Rank speaks out against the police.
