മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു
Obituary
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു
ആദര്‍ശ് എം.കെ.
Wednesday, 8th April 2026, 9:15 am

ദല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു. 94 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ നോയ്ഡയില്‍ വെച്ചായിരുന്നു അന്ത്യം.

രാജീവ് ഗാന്ധി മന്ത്രിസഭയില്‍ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. ദീര്‍ഘകാലം എം.എല്‍.എയും എം.പിയുമായിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും കിദ്വായ് പ്രവര്‍ത്തിച്ചിരുന്നു. 2004 മുതലായിരുന്നു കേരളത്തിന്റെ ചുമതല വഹിച്ചിരുന്നത്. കെ കരുണാകരനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് മൊഹ്സിന കിദ്വായി വഹിച്ചത്.

കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് മൊഹ്‌സിന കിദ്വായി.

ഉത്തര്‍പ്രദേശില്‍ നിന്നുമാണ് കിദ്വായ് ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. സംസ്ഥാനത്ത് നിരവധി തവണ എം.എല്‍.എയും മന്ത്രിയുമായിട്ടുണ്ട്.

1978ല്‍ മീററ്റിനെ പ്രതിനിധീകരിച്ചാണ് ലോക്‌സഭയിലെത്തുന്നത്.

മൂന്ന് തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി തുടങ്ങി വിവിധ തലങ്ങളില്‍ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍ മുല്ല കുത്തബുദ്ദിന്‍ അഹമ്മദിന്റെയും സെഹ്‌റയുടേയും മകളായി 1932 ജനുവരി ഒന്നിനാണ് കിദ്വായി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമണ്‍സ് കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റും മുസ്‌ലീം യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും നേടി.

1950ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായ മൊഹ്സിന 1960ല്‍ ഉത്തര്‍പ്രദേശ് നിയമസഭ കൗണ്‍സില്‍ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മൊഹ്സിന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും 2016ല്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു.

 

Content highlight: Congress leader and former Union Minister Mohsina Kidwai passes away

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.