ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമെന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രമാണ് ദി ഒഡീസി. ഗ്രീക്ക് ഇതിഹാസത്തിന് ജീനിയസ് ഫിലിംമേക്കര്‍ ക്രിസ്റ്റഫര്‍ നോളന്‍ നല്‍കിയ ചലച്ചിത്രഭാഷ്യം ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്. പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ചിത്രീകരിച്ച ഒഡീസി ലൈഫ്‌ടൈം എക്‌സ്പീരിയന്‍സാണ് സമ്മാനിക്കുന്നത്.
നിരൂപകപ്രശംസയും ബോക്‌സ് ഓഫീസ് തേരോട്ടവും നടത്തുന്ന ഒഡീസിയെക്കുറിച്ച് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. ഒഡീസിയെ തമിഴ് ചിത്രം തഗ് ലൈഫുമായിട്ടാണ് ഈ പോസ്റ്റില്‍ താരതമ്യം ചെയ്തിരിക്കുന്നത്. രണ്ട് സിനിമയുടെയും ബേസിക് പ്ലോട്ട് ഒന്നാണെന്ന് ഈ പോസ്റ്റില്‍ പറയുന്നു.
‘താടി വളര്‍ന്ന നായകന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ കാമുകി/ ഭാര്യയെ കല്യാണം കഴിക്കാന്‍ നടക്കുന്ന ഒരു ചെറുപ്പക്കാരനെ കൊല്ലുന്ന രണ്ട് സിനിമകള്‍’ എന്ന ക്യാപ്ഷനോടെ തഗ് ലൈഫിന്റെയും ഒഡീസിയുടെയും ചിത്രങ്ങളാണ് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. ടി.എച്ച് എന്ന പേജാണ് പോസ്റ്റ് പങ്കുവെച്ചത്.
പെട്ടെന്ന് കാണുമ്പോള്‍ സീരിയസായി തോന്നുമെങ്കിലും ചില പ്രത്യേക തമിഴ് സിനിമാപേജുകളെ ഇന്‍ഡയറക്ടായി ട്രോളിയിരിക്കുകയാണ് ഇതില്‍. മറ്റ് ഭാഷകളില്‍ ഏത് ഹിറ്റ് സിനിമ ഇറങ്ങിയാലും അതെല്ലാം ആദ്യം തമിഴ് സിനിമയില്‍ പരീക്ഷിച്ചതാണെന്ന് അവകാശപ്പെടുന്ന തമിഴ് പേജുകളെ പരിഹസിക്കുകയാണ് ഈ പോസ്റ്റിലൂടെ.
ലോകഃ, കാന്താര, ആര്‍.ആര്‍.ആര്‍ എന്നിങ്ങനെ മറ്റ് ഭാഷയില്‍ ഹിറ്റാവുകയും ഒരുപാട് ചര്‍ച്ചയാവുകയും ചെയ്യുന്ന സിനിമകളെക്കണ്ട് അസൂയപ്പെട്ട് ‘ഇതെല്ലാം തമിഴ് സിനിമ ആദ്യമേ വിട്ട സീനാണ്’ എന്ന് ചില തമിഴ്‌പേജുകള്‍ അവകാശപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇത്തരം പോസ്റ്റുകള്‍ വ്യാപകമായതോടെ ‘ക്ലെയിംനാട്’ എന്ന ഇരട്ടപ്പേര് സോഷ്യല്‍ മീഡിയയില്‍ ഈ പേജുകള്‍ക്ക് ലഭിച്ചു.
മണിരത്‌നം, കമല്‍ ഹാസന്‍, എ.ആര്‍. റഹ്‌മാന്‍ എന്നീ ലെജന്‍ഡുകള്‍ ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച അസഹനീയ സിനിമാനുഭവമായിരുന്നു തഗ് ലൈഫ്. കമല്‍ ഹാസന്‍ എഴുതിയതില്‍ ഏറ്റവും മോശം തിരക്കഥയും മണിരത്‌നത്തിന്റെ ഏറ്റവും മോശം സിനിമയായും തഗ് ലൈഫ് മാറി. ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയാണ് ചിത്രം കളംവിട്ടത്.
Movies where the bearded father returns after a few months to meet his aalu, only to find out that a young guy is trying to marry her, and then kills that guy pic.twitter.com/irGXUrtTUH