30 ദിവസം, 330 കോടി, 'കളക്ഷന്‍ തള്ള് ഒന്ന് താഴ്ത്തിപ്പിടിക്ക് ആന്റണീ' എന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
30 ദിവസം, 330 കോടി, 'കളക്ഷന്‍ തള്ള് ഒന്ന് താഴ്ത്തിപ്പിടിക്ക് ആന്റണീ' എന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Friday, 12th June 2026, 3:43 pm

റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ റെക്കോഡ് കളക്ഷനാണ് ദൃശ്യം 3 സ്വന്തമാക്കിയത്. റിലീസിന് മുമ്പ് പ്രതീക്ഷിച്ചതുപോലെ ഇന്‍ഡസ്ട്രി ഹിറ്റായില്ലെങ്കിലും ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തം പേരിലാക്കാന്‍ ദൃശ്യം 3ക്ക് സാധിച്ചു. 230 കോടിയിലേറെയാണ് വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. മുപ്പതാം ദിവസത്തിലേക്ക്, 330 കോടി ഗ്രോസ്& ബിസിനസ് എന്നാണ് പോസ്റ്ററില്‍ കൊടുത്ത കളക്ഷന്‍ ഫിഗര്‍. കളക്ഷന്‍ ട്രാക്കിങ് ഇത്ര അപ്‌ഡേറ്റായിട്ടും ഇത്തരം തള്ളുകള്‍ നിര്‍ത്താറായില്ലേ എന്നാണ് പലരും ചോദിക്കുന്നത്.

230 കോടി കളക്ഷന്‍ ലഭിച്ച ചിത്രത്തിന് മറ്റ് ബിസിനസുകളിലൂടെയാണ് ബാക്കി 100 കോടിയോളം ലഭിച്ചത്. എന്നാല്‍ പ്രാസമൊപ്പിക്കാനായി ‘ദൃശ്യം 3, 30 ദിവസം, 330 കോടി ഗ്രോസും ബിസിനസും’ എന്ന് എഴുതിയത് ശരിയായില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പോസ്റ്റില്‍ മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍ എന്നിങ്ങനെ മൂന്ന് പേരും കൂടിയുള്ള ഫോട്ടോയും കൂടിയായപ്പോള്‍ പ്രാസം തികഞ്ഞെന്നും കമന്റുകളുണ്ട്.

റിലീസിന് മുമ്പ് തന്നെ സകല റൈറ്റ്‌സും 100 കോടിയിലേറെ രൂപക്ക് സ്വന്തമാക്കിയതോടെ നിര്‍മാതാവിന് ഇരട്ടി ലാഭമാണ് ലഭിച്ചത്. തിയേറ്റര്‍ റിലീസിലും ഗംഭീര കളക്ഷന്‍ നേടിയതോടെ മലയാളത്തില്‍ ഏറ്റവുമധികം ലാഭം നേടിയ സിനിമകളുടെ പട്ടികയില്‍ ദൃശ്യം 3യും ഇടംപിടിച്ചു. ഒരുപാട് ഫ്‌ളോ ഉണ്ടായിട്ടും വലിയ കളക്ഷന്‍ നേടിയത് ദൃശ്യം എന്ന ഫ്രാഞ്ചൈസിയുടെയും മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന്റെയും വിജയമാണ്.

ഇത്രയും വിജയം നേടിയിട്ടും പോസ്റ്ററിലൂടെ തള്ളുന്നത് ശരിയല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച പല വലിയ സിനിമകള്‍ക്കും ഇത്തരം ‘തള്ള് പ്രൊമോഷന്‍’ നടത്തിയിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഒടിയന്‍ റിലീസിന് മുമ്പ് 100 കോടി നേടിയത്, മരക്കാര്‍ ബുക്കിങ്ങിലൂടെ മാത്രം 100 കോടി നേടിയത് തുടങ്ങി പല കാര്യങ്ങളും ട്രോളിന് ഇരയായിരുന്നു.

ഓരോ ഷോയുടെയും കളക്ഷന്‍ കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ഇന്നത്തെ കാലത്ത് പോസ്റ്ററിലൂടെയുള്ള തള്ളുകള്‍ നിര്‍ത്തിക്കൂടെയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ദൃശ്യം 3യിലെ ഒരു സീനില്‍ 100 കോടി നേടിയിട്ട് കളക്ഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയാല്‍ മതിയെന്ന് ജോര്‍ജുകുട്ടിയുടെ കഥാപാത്രം പറയുന്നുണ്ട്. സിനിമയിലെ ഡയലോഗ് ജീവിതത്തില്‍ പാലിക്കാന്‍ പറ്റാത്തതിനെക്കുറിച്ചും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: Collection Poster of Drishyam 3 getting criticisms

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം