ബീഹാറിലെ കോളേജുകളില്‍ രാത്രി എട്ട് മണിവരെ ക്ലാസുകള്‍; വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോവുന്നത്‌ തടയാനെന്ന്‌ സാമ്രാട്ട് ചൗധരി
India
ബീഹാറിലെ കോളേജുകളില്‍ രാത്രി എട്ട് മണിവരെ ക്ലാസുകള്‍; വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോവുന്നത്‌ തടയാനെന്ന്‌ സാമ്രാട്ട് ചൗധരി
നിഷാന. വി.വി
Friday, 19th June 2026, 2:49 pm

പാട്‌ന: ബീഹാറിലെ കോളേജുകളില്‍ രാത്രി എട്ട് മണിവരെ ക്ലാസുകള്‍ നടത്തണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. പല കോളേജ് ക്യാമ്പസുകളും രണ്ട് മണിയോടെ ക്ലാസുകള്‍ അവസാനിപ്പിക്കുകയും ക്യാമ്പസുകള്‍ വിജനമാകുകയാണെന്നും ചൗധരി പറഞ്ഞു.

ഈ അവസ്ഥ മാറി രാത്രി എട്ട് മണിവരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ബിഹാറിലെ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സ്വന്തം നാട്ടില്‍ തന്നെ അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ 13 കോടി ജനങ്ങള്‍ക്ക് നിലവിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും ഈ വര്‍ഷം ജൂലൈ മുതല്‍ വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ ദൃശ്യമാകുമെന്നും ഉറപ്പുനല്‍കി.

സംസ്ഥാനത്ത് 200-ലധികം പുതിയ കോളേജുകളും ഓപ്പണ്‍ സര്‍വകലാശാലകളും ഡീംഡ് സര്‍വകലാശാലകളും സര്‍ക്കാര്‍ സ്ഥാപിച്ചുവരികയാണ്. ജനസാന്ദ്രത കൂടുതലാണെങ്കിലും പുതിയ സര്‍വകലാശാലകള്‍ക്ക് ഭൂമി കണ്ടെത്തുന്നത് ഒരു തടസമാകില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാകിയ ശക്തമായ അടിത്തറയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സാമ്രാട്ട് ചൗധരി പറഞ്ഞു. ജാര്‍ഖണ്ഡ് രൂപീകരിച്ച സമയത്ത് വെറും 6,000 കോടി രൂപ മാത്രം ബജറ്റില്‍ ഉണ്ടായിരുന്ന ബിഹാര്‍, ഇന്ന് 3.17 ലക്ഷം കോടി രൂപയുടെ ബജറ്റുള്ള സംസ്ഥാനമായി വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Classes in colleges in Bihar till 8 pm; To prevent students from going out for education, says Samrat Chaudhary

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.