ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കള്‍ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ വിട്ടയച്ചു. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ഇന്ന് (ഒക്ടോബര്‍ 11, ഞായര്‍) മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
ദല്‍ഹി കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവരെ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായ ശേഷം സി.ജെ.പി നേതാക്കള്‍ പൊലീസ് സ്റ്റേഷന് പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
നേതാക്കളെ വിട്ടയച്ചത് സി.ജെ.പി സ്ഥിരീകരിച്ചു. ‘അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ വിട്ടയക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി,’ എന്ന് സി.ജെ.പി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ ധ്രുവ് റാഠിയെ വിട്ടയച്ചതായി നേരത്തെ പൊലീസ് പറഞ്ഞിരുന്നു. ഇന്നലെ ഗുഡ്ഗാവില്‍ നിന്നായിരുന്നു റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ഞായറാഴ്ച പുലര്‍ച്ചെ വിട്ടയച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ധ്രുവ് റാഠി വീണ്ടും ജന്തര്‍ മന്തറിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ‘നിരോധനാജ്ഞ നിലനില്‍ക്കെ ജന്തര്‍ മന്തറിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിലെടുക്കുകയോ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്‌തേക്കാം,’ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറോളം പിന്നിട്ട ശേഷമാണ് ദീപ്‌കെ അടക്കമുള്ള സി.ജെ.പി നേതാക്കളെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. മുംബൈയില്‍ നിന്ന് ദല്‍ഹിയിലെത്തിയ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ശനിയാഴ്ച രാവിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ കയറിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സി.ജെ.പി നേതാക്കള്‍ അടക്കമുള്ളവരെ കോടതിയില്‍ ഹാജരാക്കാനും മോചിപ്പിക്കാനും ആവശ്യപ്പെട്ട് സി.ജെ.പി ഇന്നലെ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് ദല്‍ഹി പൊലീസ് അറിയിച്ചത്.
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി ജന്തര്‍ മന്തറില്‍ പ്രതിഷേധം പ്രഖ്യാപിച്ചത്. പ്രതിഷേധത്തിനായി ദല്‍ഹിയിലെത്തിയ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും പൊലീസ് കൂട്ടമായി കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതിഷേധത്തില്‍ പങ്കാളികളാവാനെത്തിയ പിണറായി വിജയന്‍, മമത ബാനര്‍ജി, അരവിന്ദ് കെജ് രിവാള്‍, മണിക് സര്‍കാര്‍ എന്നീ മുന്‍ മുഖ്യമന്ത്രിമാരെയും നേഹ ബോറ അടക്കമുള്ള വിദ്യാര്‍ത്ഥി നേതാക്കളെയും പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.
ഞായറാഴ്ച ജന്തര്‍ മന്തറില്‍ പ്രതിഷേധം പുനരാരംഭിക്കുമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. കസ്റ്റഡി നടപടികള്‍ ഉണ്ടായിട്ടും പാര്‍ട്ടി പിന്മാറില്ലെന്ന് സി.ജെ.പി ദേശീയ സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെ ശനിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: CJP leaders Abhijeet Dipke, Ranka and Saurav Das released from detention
