നന്ദനത്തിന്റെ സമയത്ത് തന്നെ സംവിധായകനാകാന്‍ ആഗ്രഹമുണ്ടെന്ന് പൃഥ്വി പറഞ്ഞിരുന്നു: അളകപ്പന്‍
Malayalam Cinema
നന്ദനത്തിന്റെ സമയത്ത് തന്നെ സംവിധായകനാകാന്‍ ആഗ്രഹമുണ്ടെന്ന് പൃഥ്വി പറഞ്ഞിരുന്നു: അളകപ്പന്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 24th August 2026, 8:09 pm

മലയാള ചലച്ചിത്രമേഖലയിലെ പ്രശസ്തനായ ഒരു മുന്‍നിര ഛായാഗ്രാഹകനാണ് അളകപ്പന്‍. ദൃശ്യഭംഗികൊണ്ടും കഥയുടെ അന്തരീക്ഷത്തെ കൃത്യമായി ഒപ്പിയെടുത്തുകൊണ്ടുള്ള ക്യാമറാ ചലനങ്ങള്‍കൊണ്ടും ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ട്. തൊണ്ണൂറുകളുടെ അവസാനഘട്ടം മുതല്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായ അദ്ദേഹം, പ്രമുഖ സംവിധായകരുടെയെല്ലാം ഒപ്പം പ്രവര്‍ത്തിച്ച് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

അളകപ്പന്‍. Photo: Screen Grab/ Cue Studio/ Youtube.com

1997ല്‍ മനോജ് കെ ജയനും മഞ്ജു വാര്യരും പ്രധാന വേഷത്തില്‍ എത്തിയ സമ്മാനം എന്ന ചിത്രത്തിലൂടെ ഛായാഗ്രഹകനായി അരങ്ങേറ്റം കുറിച്ച അളകപ്പന്‍ അഗ്‌നിസാക്ഷി, മിഴി രണ്ടിലും, നന്ദനം, തിളക്കം തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട ഒട്ടനവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിരുന്നു. രഞ്ജിത്തിന്റെ സംവിധാനത്തിലും അളകപ്പന്റെ ഛായാഗ്രഹണത്തിലും പിറന്ന ചിത്രമായിരുന്നു 2002ല്‍ പുറത്തിറങ്ങിയ നന്ദനം. പൃഥ്വിരാജും നവ്യ നായരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. പൃഥ്വിരാജ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം എന്ന പ്രത്യേകതയും നന്ദനത്തിനുണ്ടായിരുന്നു.

ചിത്രത്തില്‍ പ്രവര്‍ത്തിക്കവേ പൃഥ്വിരാജുമായുണ്ടായ അനുഭവത്തെ കുറിച്ച് അളകപ്പന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ ചിത്രമായിരുന്നെങ്കിലും നന്ദനത്തിന്റെ അണിയറയിലെ എല്ലാ കാര്യങ്ങളും പൃഥ്വി സൂക്ഷമമായി ശ്രദ്ധിച്ചിരുന്നുവെന്നും താനുപയോഗിച്ച ക്യാമറയെയും ലെന്‍സിനെയും കുറിച്ചറിയാന്‍ അദ്ദേഹം താത്പര്യം കാണിച്ചിരുന്നുവെന്നും അളകപ്പന്‍ പറയുന്നു. സംവിധായകനാകണമെന്ന് തന്നോട് പൃഥ്വി പറഞ്ഞിരുന്നതായും ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഓര്‍ത്തെടുത്തു.

‘സുകുമാരന്‍ സാറെയും മല്ലിക ചേച്ചിയെയും എനിക്ക് നന്നായി അറിയാം. പക്ഷേ പയ്യനെ കണ്ടപ്പോള്‍ അഭിനയിച്ച് പരിചയമുണ്ടോ എന്ന് ഞാന്‍ രഞ്ജിയോട് ചോദിച്ചു. ഒരു ആക്ടറായി കാണേണ്ടെന്നും ഇതിലെ ഒരു ക്യാരക്ടറായി കണ്ടാല്‍ മതിയെന്നുമായിരുന്നു രഞ്ജി എന്നോട് പറഞ്ഞത്. സെറ്റില്‍ എല്ലാം നന്നായി പൃഥ്വി ഒബ്‌സര്‍വ് ചെയ്യും. നമ്മള്‍ ക്യാമറയില്‍ എന്താണ് ചെയ്യുന്നതെന്നെല്ലാം അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അങ്ങനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു.

നന്ദനം. Photo: MUBI

സംവിധായകനാകണമെന്ന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് തന്നെ രഞ്ജിയോട് പൃഥ്വിയ്ക്ക് ഒരു സംവിധായകനാകാന്‍ താത്പര്യമുണ്ടെന്നും ലെന്‍സ് എല്ലാം മാറ്റുന്നതും പല കാര്യങ്ങളും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു,’ അളകപ്പന്‍ ഓര്‍ത്തെടുത്തു.

Content Highlight: Cinematographer Alakappan talks about his experience with Prithviraj Sukumaran

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.