സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റായിരുന്നു കഴിഞ്ഞദിവസം പൃഥ്വിരാജ് നടത്തിയത്. നിലവില്‍ മോളിവുഡിലെ പ്രോമിസിങ് ഡയറക്ടര്‍മാരിലൊരാളായ രാഹുല്‍ സദാശിവനൊപ്പം താരം കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒടിയന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കേരളത്തില്‍ ഏറെ പ്രചാരമുള്ള ഒടിയന്‍ എന്ന മിത്തിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുകയെന്ന് ടൈറ്റില്‍ പോസ്റ്റര്‍ അടിവരയിടുന്നു.
ഒരുപാട് സാധ്യതകളുണ്ടായിരുന്ന ഒടിയന്‍ എന്ന തീമിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ചപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ടെന്നാണ് പലരും വിമര്‍ശിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒടിയന്റെ കഥയുമായി രാഹുല്‍ സദാശിവനെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. എന്നാല്‍ ഒടിയനെപ്പോലെ ഒരുപാട് സാധ്യതകളുള്ള മറ്റ് രണ്ട് സിനിമകളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.
കേരള ചരിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത യോദ്ധാവായ കുഞ്ഞാലി മരക്കാറുടെ കഥയാണ് ഇതില്‍ ആദ്യത്തേത്. മോളിവുഡിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായി ഒരുങ്ങിയ ചിത്രമായിരുന്നു മരക്കാര്‍. മോഹന്‍ലാലിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മരക്കാര്‍; അറബിക്കടലിന്റെ സിംഹം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.
മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് വരെ ലഭിച്ച ചിത്രം ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്തു. കുഞ്ഞാലി മരക്കാറുടെ കഥ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ അണിയിച്ചൊരുക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മോഹന്‍ലാലിന്റെ മരക്കാറിന് മുമ്പ് മമ്മൂട്ടിയുടെ മരക്കാര്‍ അനൗണ്‍സ് ചെയ്തിരുന്നു. ഇപ്പോഴും വലിയ പൊട്ടന്‍ഷ്യലുള്ള പ്രൊജക്ടായി പലരും മരക്കാറിനെ കണക്കാക്കുന്നുണ്ട്.
മമ്മൂട്ടിയെ നായകനാക്കി പദ്മകുമാര്‍ അണിയിച്ചൊരുക്കിയ മാമാങ്കമാണ് മറ്റൊരു ചിത്രം. വള്ളുവനാടിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച മാമാങ്കത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 2019ലാണ് തിയേറ്ററുകളിലെത്തിയത്. സജീവ് പിള്ളക്ക് പകരം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം വന്‍ പരാജയമായി മാറി.
എന്നാല്‍ ഇപ്പോഴും ഈ കഥക്ക് വലിയ ചാന്‍സുണ്ടെന്നും പൃഥ്വിരാജിനെപ്പോലെ ഏതെങ്കിലുമൊരു നടനെ നായകനാക്കി മാമാങ്കത്തെക്കുറിച്ച് സിനിമ ചെയ്യണമെന്നും കമന്റുകളുണ്ട്. ഒടിയനെപ്പോലെ മരക്കാറിനും മാമാങ്കത്തിനും ഭാവിയില്‍ പുനര്‍ജന്മം ലഭിച്ചേക്കാമെന്ന് സിനിമാപ്രേമികള്‍ കരുതുന്നു.
Content Highlight: Cinema pages saying Marakkar and Mamankam deserves a reboot