ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജനിച്ചതെന്ന് ചിരഞ്ജീവി അറിയിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി. അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്. ആണ്‍കുട്ടിയാണെന്ന് പറയുന്ന സമയത്ത് താരത്തിന്റെ മുഖത്ത് സന്തോഷമായിരുന്നു. ഇക്കാര്യം പറയുമ്പോള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയ ആരാധകരില്‍ ഒരാള്‍ ‘വാരുസുഡു ഒച്ചാടു’ (അനന്തരവകാശി വന്നു) എന്ന് അലറിവിളിച്ചപ്പോഴും ചിരഞ്ജീവിയുടെ മുഖത്ത് വലിയ സന്തോഷമായിരുന്നു.
ചിരഞ്ജീവി Photo: Cinee World/ X.com
എന്നാല്‍ പെണ്‍കുട്ടിയെക്കുറിച്ച് ഒരുവാക്ക് പോലും ചിരഞ്ജീവി മിണ്ടിയിട്ടില്ലെന്നും ആണ്‍കുട്ടി വന്നതിന്റെ സന്തോഷം മാത്രമേ പങ്കുവെച്ചുള്ളൂവെന്നുമാണ് പലരും വിമര്‍ശിക്കുന്നത്. 2026ലും ഇത്തരം മോശം ചിന്താഗതിയാണോ ചിരഞ്ജീവിക്കെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. റാം ചരണിന്റെ ആദ്യ മകള്‍ ജനിച്ചപ്പോള്‍ ഈ സന്തോഷമൊന്നും കണ്ടില്ലല്ലോ എന്നും ചിലര്‍ വിമര്‍ശിക്കുന്നു.
സമൂഹം ഇത്രയേറെ പുരോഗമിച്ചിട്ടും പഴഞ്ചന്‍ ചിന്താഗതിയുമായി ജീവിക്കാനും അത് യാതൊരു മടിയുമില്ലാതെ സമൂഹത്തിന് മുന്നില്‍ കാണിക്കാനും ഇവര്‍ക്കെല്ലാം എങ്ങനെ തോന്നുന്നുവെന്നും ചോദ്യങ്ങളുണ്ട്. ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആരാധകരുടെ വിവരമില്ലായ്മയെയും വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇതിനോടകം വൈറലായി.
ഇത് ആദ്യമായല്ല ചിരഞ്ജീവി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. കഴിഞ്ഞവര്‍ഷം പൊതു ചടങ്ങില്‍ വെച്ച് താരം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വീട്ടില്‍ ചെന്നുകയറുമ്പോള്‍ പേരക്കുട്ടികളെല്ലാം തന്റെ ചുറ്റിലുമെത്തുമെന്നും എല്ലാം പെണ്‍കുട്ടികളാണെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു. ലേഡീസ് ഹോസറ്റലിന്റെ വാര്‍ഡനാണ് താനെന്ന് ചിലപ്പോള്‍ തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ എന്റെ ആഗ്രഹമെന്താണെന്ന് വെച്ചാല്‍ റാം ചരണ് ഇനി ആണ്‍കുട്ടികള്‍ ജനിക്കണമെന്നാണ്. എങ്കില്‍ മാത്രമേ ഈ വംശം മുന്നോട്ടുകൊണ്ടുപോകാനാകുള്ളൂ. പെണ്‍കുട്ടിയാകുമോ എന്ന് പേടിയുണ്ട്. പക്ഷേ, അവന്റെ മൂത്ത മകള്‍ നല്ല സ്‌നേഹമുള്ള കുട്ടിയാണ്’ എന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്. ഈ വാക്കുകളെ വിമര്‍ശിച്ച് ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം തന്റെ ചിന്താഗതി ഒട്ടും മാറിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തെലുങ്ക് സിനിമയുടെ ‘മെഗാ സ്റ്റാര്‍’.