കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് ചിരഞ്ജീവി നായകനായ ഗോഡ്ഫാദര്‍ തിയേറ്ററുകളിലേക്ക് എത്തിയത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്‍. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയിദ് മസൂദ് എന്ന കഥാപാത്രത്തെ തെലുങ്കില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ചെയ്തത്.
ഗോഡ്ഫാദറിന്റെ വിജയത്തിന് സല്‍മാന്‍ ഖാനെ അഭിനന്ദിക്കുകയാണ് ചിരഞ്ജീവി. സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ സയിദ് മസൂദാണ് ഗോഡ്ഫാദറിന്റെ വിജയത്തിന് പിന്നിലെന്ന് ചിരഞ്ജീവി പറഞ്ഞു.
‘കണ്‍ഗ്രാജുലേഷന്‍സ് സല്ലു ഭായ്, ഗോഡ്ഫാദറിന്റെ അത്ഭുതാവഹമായ വിജയത്തിന് പിന്നില്‍ മസൂദ് ഭായിയാണ്. താങ്ക്യൂ ആന്‍ഡ് ലവ് യു, വന്ദേ മാതരം,’ ചിരഞ്ജീവി വീഡിയോയില്‍ പറഞ്ഞു.

ഗോഡ്ഫാദര്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിരഞ്ജീവിയെ അഭിനന്ദിച്ച് സല്‍മാന്‍ ഖാനും സോഷ്യല്‍ മീഡിയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ‘ചീരുഗാരു, ഐ ലവ് യു, ഗോഡ്ഫാദറിന് നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നതായി അറിഞ്ഞു. ആശംസകള്‍, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും വളരെ പവര്‍ഫുള്ളാണ്,’ സല്‍മാന്‍ വീഡിയോയില്‍ പറഞ്ഞു.
രണ്ട് ദിവസങ്ങള്‍ കൊണ്ട് ചിത്രം 69 കോടിയാണ് നേടിയത്. ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാക്കി മാറ്റിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ചിരഞ്ജീവി നേരത്തെ പറഞ്ഞിരുന്നു.

