വിസ്മയയുടെ കോണ്‍ഫിഡന്‍സ് ആണ് ഈ ചിത്രം മുഴുവന്‍: ചിപ്പി രഞ്ജിത്ത്
Malayalam Cinema
വിസ്മയയുടെ കോണ്‍ഫിഡന്‍സ് ആണ് ഈ ചിത്രം മുഴുവന്‍: ചിപ്പി രഞ്ജിത്ത്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 12th August 2026, 8:33 pm

മലയാള സിനിമയിലേക്ക് പുതിയ ഒരു അഭിനേത്രിയെ സമ്മാനിച്ച ചിത്രമായിരുന്നു കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ തുടക്കം. മലയാളത്തിലെ ഹിറ്റ് സംവിധായകനായ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തിയതോടെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. വിസ്മയയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രശംസയറിയിച്ച് കൊണ്ട് ഒട്ടനവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.

തുടക്കം. Photo: X.com

മോഹന്‍ലാലിന്റെ മൂത്ത മകനായ പ്രണവ് മോഹന്‍ലാലിന് പിന്നാലെയാണ് വിസ്മയയും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മോഹന്‍ലാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രം ഏകദേശം 30 കോടിയോളം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയാതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടക്കത്തില്‍ കുറച്ച് ഭാഗത്തേക്കെങ്കിലും വിസ്മയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി വേഷമിട്ടത് നടി ചിപ്പിയായിരുന്നു. ചിത്രം കണ്ടിറങ്ങിയ ശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ചിപ്പി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ചിത്രം കണ്ടശേഷം ഇമോഷണല്‍ എന്ന് പറയുന്നതിനെക്കാള്‍ എക്‌സൈറ്റഡ് ആണ് എന്നാണ് പറയേണ്ടത്. തുടക്കം കണ്ടാലറിയാം ഭയങ്കര കോണ്‍ഫിഡന്റ് ആയി തന്നെയാണ് ചിത്രത്തില്‍ വിസ്മയ അഭിനയിച്ചിരിക്കുന്നത്. വിസ്മയക്കൊപ്പം തന്നെ ആശിഷും ഗംഭീരമായി പെര്‍ഫോം ചെയ്തിട്ടുണ്ട്. സൂപ്പര്‍ മൂവിയാണ്, ചിത്രം തിയേറ്ററുകളില്‍ നിന്നും തന്നെ കാണേണ്ടതാണ്.

ലാലേട്ടനെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ. അദ്ദേഹം വന്ന ഭാഗങ്ങളെല്ലാം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. നല്ല രീതിയില്‍ രസമായി തന്നെ ചിത്രം ചെയ്തിട്ടുണ്ട്. തുടക്കം മുതല്‍ നമ്മള്‍ ചിത്രത്തില്‍ എന്‍ഗേജഡ് ആയി ഇരിക്കുന്നുണ്ട്. ഒരിടത്തും ചിത്രത്തില്‍ നിന്നും വിട്ട് പോകുന്നില്ല,’ ചിപ്പി പറഞ്ഞു.

തുടക്കം. Photo: X.com

വിസ്മയക്കൊപ്പം തന്നെ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും തുടക്കത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. വില്ലനായി വേഷമിട്ട ആശിഷിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ലഭിക്കുന്നത്.

Content Highlight: Chippi Ranjith talks about Thudakkam Movie and Vismaya Mohanlal

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.