എടപ്പാള്‍: പത്ത് വയസ്സുകാരനെ മാസങ്ങൾ നീണ്ട ലൈംഗിക പീഡനത്തിന് വിധേയനാക്കിയതിന് മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‍തു. വട്ടംകുളം മൂതൂരിലെ മദ്രസ അധ്യാപകന്‍ ആണ് പിടിയിലായത്. മലപ്പുറം വെളിയങ്കോട് സ്വദേശിയായ നാല്‍പ്പത്തഞ്ചുകാരനായ മദ്രസ അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്‍തത്. ഇയാള്‍ക്ക് എതിരെ പോക്സോ കുറ്റം ചുമത്തും.

പൊന്നാനി പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളിയെ പിടികൂടിയത്. കഴിഞ്ഞ നാല് മാസമായി ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും വിവരം ലഭിച്ചു. മാനസിക ബുദ്ധിമുട്ടുകൾ നേരിട്ട കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. എടപ്പാളിലെ ആശുപത്രിയില്‍ വെച്ചാണ് കുട്ടിയെ കൗൺസിലിംങിന് വിധേയനാക്കിയത്.

അതേസമയം മലപ്പുറത്തുള്ള പ്രദേശങ്ങളിൽ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക പീഢന ശ്രമങ്ങൾ കൂടിവരുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ തന്നെ നിരവധി കേസുകളാണ് ചൈല്‍ഡ്‍‍ലൈന്‍ ഇടപെടലോടെ രജിസ്റ്റര്‍ ചെയ്‍തത്. ഫെബ്രുവരിയില്‍ തേഞ്ഞിപ്പാലത്ത് ഒന്‍പത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ചതിന് അയല്‍വാസിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്‍തിരുന്നു.