ഐ.പി.എല്ലില്‍ നിര്‍ണായകമായ രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ വമ്പന്‍ നീക്കം നടത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. പരിക്കേറ്റ പേസര്‍ ഖലീല്‍ അഹമ്മദിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് സി.എസ്.കെ. പേസര്‍ കുല്‍ദിപ് യാദവിനെയാണ് ചെന്നൈ ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഇതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കുല്‍ദിപ് യാദവ് കളിച്ചിട്ടുണ്ട്. 2021ല്‍ റോയല്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ച കുല്‍ദിപ് രണ്ട് മത്സരങ്ങളിലാണ് രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ളത്. രണ്ട് വിക്കറ്റുകളും താരം കൈപ്പിടിയിലാക്കി.
അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് ചെന്നൈ പരാജയപ്പെട്ടിരുന്നു. എല്‍.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ലഖ്നൗ ചെന്നൈയെ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ലഖ്നൗവിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണറായ മിച്ചല്‍ മാര്‍ഷാണ്. 38 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 90 റണ്‍സ് നേടി റണ്‍ ഔട്ട് ആകുകയായിരുന്നു മാര്‍ഷ്. ജോഷ് ഇംഗ്ലിസ് 36 റണ്‍സായിരുന്നു നേടിയത്. ഇരുവരും തമ്മില്‍ ആദ്യ വിക്കറ്റില്‍ 100+ റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും നേടിയിരുന്നു. അവസാന ഘട്ടത്തില്‍ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ലഖ്നൗവിനെ വിജയത്തിലെത്തിച്ചത്. നാല് സിക്സാണ് അവസാന ഓവറില്‍ താരം നേടിയത്.
ഈ തോല്‍വിയോടെ ചെന്നൈ ആറാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. 12 പോയിന്റുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കൂ. സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കെതിരെയാണ് ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങള്‍.
Content Highlight: Chennai super kings sign kuldip yadav for the replacement of Khaleel Ahammed