നാല്‍പ്പതോളം ചിത്രങ്ങളില്‍ പല രൂപത്തിലും ഭാവത്തിലും നമ്മള്‍ ശ്രീനാഥ് ഭാസിയെ കണ്ടിട്ടുണ്ട്. എന്നാല്‍ ഭാസി ആദ്യമായി സോളോ ഹീറോ പരിവേഷത്തില്‍ എത്തുന്ന ചിത്രമാണ് ചട്ടമ്പി. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്പിയിലെ നായകന്‍. അതുകൊണ്ടു തന്നെ ഭാസിയുടെ സിനിമ ജീവിതത്തിലെ ടേണിംഗ് പോയിന്റായി ചട്ടമ്പി മാറിയേക്കാം.

1990കളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ മലയോര ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചട്ടമ്പിയുടെ കഥ മുന്നോട്ടുപോകുന്നത്. കൂട്ടാര്‍ എന്ന ഗ്രാമത്തിലെ എല്ലാവരും ഭയക്കുന്ന ചട്ടമ്പിയാണ് താഴേതില്‍ അവിര മകന്‍ സക്കറിയ എന്ന കറിയ. മുട്ടാറ്റില്‍ ജോണ്‍ എന്ന ആ നാട്ടിലെ പണക്കാരന്റെ വലംകൈയാണ് കറിയ.

ഒരു ഘട്ടത്തില്‍ ജോണിന് പോലും കറിയ ബുദ്ധിമുട്ടായിത്തീരുന്നു. ഇതോടെ ഇരുവരും ശത്രുതയിലാവുകയാണ്. ശ്രീനാഥ് ഭാസി എന്ന അഭിനേതാവ് പലപ്പോഴും അസാമാന്യ പ്രകടനങ്ങള്‍ കൊണ്ട് നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. പറവയിലെ വില്ലനും , വൈറസിലെ ഡോക്ടര്‍ ആബിദ് റഹ്‌മാനും, കപ്പേളയിലെ റോയിയും, ട്രാന്‍സിലെ കുഞ്ഞനും ഹോമിലെ ആന്റണി ഒലിവര്‍ ട്വിസ്റ്റും തുടങ്ങി ഭീഷ്ണപര്‍വ്വത്തിലെ അമിവരെയുള്ള വ്യത്യസ്തമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കറിയ അതിലും മുകളിലായിരിക്കുമെന്നാണ് ചട്ടമ്പിയുടെ അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്റെ ടീസറും പിന്നീട് വന്ന രണ്ട് ട്രെയിലറുകളും ആ പ്രതീക്ഷ നല്‍കുന്നുണ്ട്.

താന്‍ ഏറെ മോഹിച്ച ഒരു ഴോണറും കഥാപാത്രവുമാണ് ചട്ടമ്പിയും കറിയയുമെന്ന് ശ്രീനാഥ് ഭാസി പറയുന്നു. വളറെ പരുക്കനായ ഒരു കഥാപാത്രമാണ് കറിയ, ഇത്തരം ഒരു കഥാപാത്രം എന്നും എന്റെ സ്വപ്നമായിരുന്നുവെന്നും ഭാസി പറഞ്ഞു. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ഭാസി പാടിയ ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത് എന്ന ഗാനം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ആഷിഖ് അബുവിന്റെ അസോസിയേറ്റും 22 ഫിമെയില്‍ കോട്ടയം, ഡാ തടിയ, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവുമായ അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ഡോണ്‍ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്്‌സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജിനു, പിആര്‍ഒ -ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Content Highlight: Chattambi Movie released Tomorrow Sreenath Bhasi’s First Solo Hero performance