തിരുവനന്തപുരം: ചാർട്ടർ ചെയ്ത വിമാനത്തിൽ യാത്ര ചെയ്തതിനെ ന്യായീകരിക്കുകയും സ്പോൺസറെ വെളിപ്പെടുത്താൻ വിസമ്മതിക്കുകയും ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ടം പൂർണ്ണമായും ലംഘിച്ചുവെന്ന് സി.പി.ഐ.എം നേതാവ് പി. രാജീവ്.

ഇനിയും സൗജന്യ വിമാനയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചതിലൂടെ പെരുമാറ്റച്ചട്ട ലംഘനം ആവർത്തിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചതും സംസ്ഥാന സർക്കാർ അംഗീകരിച്ചതുമായ ചട്ടങ്ങൾ ഉദ്ധരിച്ചാണ് രാജീവിന്റെ വിമർശനം.

മന്ത്രിമാരോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി ബന്ധപ്പെടുന്നവരിൽ നിന്നോ മറ്റോ വിലപിടിപ്പുള്ള സമ്മാനങ്ങളോ ഉപഹാരങ്ങളോ സ്വീകരിക്കാൻ പാടില്ലെന്ന് ചട്ടം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗജന്യ യാത്രാസൗകര്യവും ഉപഹാരത്തിന്റെ പരിധിയിൽ തന്നെയാണ് ഉൾപ്പെടുന്നതെന്ന് സെൻട്രൽ സിവിൽ സർവീസ് റൂൾസിൽ വ്യക്തമാക്കുന്നുണ്ടെന്ന് രേഖകൾ സഹിതം പി.രാജീവ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

സുഹൃത്തിന്റെ വിമാനത്തിൽ ഒപ്പം യാത്ര ചെയ്യുന്നത് തെറ്റല്ലെങ്കിലും, സുഹൃത്ത് ഒപ്പമില്ലാതെ മുഖ്യമന്ത്രിക്ക് മാത്രമായി വിമാനം സൗജന്യമായി വിട്ടുനൽകുന്നത് പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യം നൽകുന്നവർ കാര്യം നേടാൻ വരുന്നവരല്ലെന്നോ പാർട്ടിക്കാരാണെന്നോ ഉള്ള വാദങ്ങൾ ചട്ടലംഘനത്തിന് പ്രതിരോധമാകില്ലെന്നും, സ്പോൺസറെ രഹസ്യമാക്കുന്നത് വഴി സംഭവം ദുരൂഹമായ ഇടപാടായി മാറുന്നുവെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

Content Highlight:Chartered flight travel: Chief Minister’s journey violates the Model Code of Conduct, says P. Rajeev.