വിശാഖപട്ടണം: തെലുഗു ദേശം പാര്‍ട്ടി പ്രസിഡണ്ട് എന്‍.ചന്ദ്രബാബു നായിഡുവിനെ കരുതല്‍ തടങ്കലില്‍ എടുത്തു. വിമാനത്താവളത്തില്‍ വെച്ചാണ് തടങ്കലില്‍ എടുത്തത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നായിഡുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടി തടങ്കലിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

സെക്ഷന്‍ 151 സി.ആര്‍.പി.സി പ്രകാരമാണ് നായിഡുവിനെ തടങ്കലിലെടുത്തതെന്നും വിശാഖപട്ടണം സിറ്റി കമ്മീഷണര്‍ രാജീവ് കുമാര്‍ മീന പി.ടി.ഐയോട് പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകവെ പൊലീസ് പിടികൂടി വി.ഐ.പി ലോഞ്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ വിജയവാഡയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റിയതായാണ് സൂചന.

ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിഷേധ റാലി പ്രഖ്യാപിച്ചതിന് കഴിഞ്ഞ സെപ്തംബറിലും നായിഡുവിനെ കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു.