ബംഗളുരു: ചന്ദ്രബോസ് കൊലപാതകക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ തെളിവെടുപ്പിനായി ബംഗളുരുവിലേക്ക് കൊണ്ടുപോയത് നിസാമിന്റെ റോള്‍സ് റോയിസ് കാറില്‍. ഇതു വ്യക്തമാക്കുന്ന ഫോട്ടോ പുറത്തായി. ആര്‍.എം.പി ജില്ലാ നേതൃത്വമാണ് ഫോട്ടോ മാധ്യമങ്ങള്‍ക്കു നല്‍കിയത്.
നിസാമിനെ കൊണ്ടുപോയ പോലീസ് വാഹനം വടക്കാഞ്ചേരിയിലെ പോലീസ് അസോസിയേഷന്‍ നേതാവിന്റെ വീടിനു മുന്നില്‍ നിര്‍ത്തിയശേഷം അവിടെ നിന്നും റോള്‍സ് റോയിസ് കാറില്‍ നിസാമിനെ ബംഗളുരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഫെബ്രുവരി 3നാണ് നിസാമിനെ തെളിവെടുപ്പിനായി ബംഗളുരുവിലേക്ക് കൊണ്ടുപോയത്.
അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനു മുന്നില്‍വെച്ച് നിസാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.
ഫോട്ടോ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ പേരാവുരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ പരിശോധന നടത്തുകയാണ്. പേരാവുരം സി.ഐ.യുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെപ്പോലും പുറത്തുവിടാതെ അവരുടെ ഫോണ്‍ പിടിച്ചുവെച്ചിരിക്കുകയാണ്. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അനുമതിയോ നിര്‍ദേശമോ ഇല്ലാതെയാണ് പരിശോധന.
ചന്ദ്രബോസ് കൊലപാതക്കേസ് അന്വേഷിക്കുന്ന പേരാമംഗലം സി.ഐ ബിജുകുമാറിന്റെ സമീപത്തുനിന്നും നിസാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. നിസാമിന്റെ പക്കലുള്ള മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥരിലൊരാളുടേതാണെന്നും വ്യക്തമായിട്ടുണ്ടെന്ന് ആര്‍.എം.ജി ജില്ലാ സെക്രട്ടറി പി.ജെ മോന്‍സി പറഞ്ഞു.
നിസാം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ നിസാമിന്റെ റോള്‍സ് റോയിസ് കാറിനു മുമ്പില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നെന്നും ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നു.
പോലീസ് ചന്ദ്രബോസിനെ സഹായിക്കുന്ന രീതിയിലുള്ള സമീപനം സ്വീകരിക്കുന്നതായി തുടക്കത്തില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചന്ദ്രബോസിന്റെ മരണ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ അനുവദിച്ചിരുന്നില്ല.
കൂടാതെ നിസാമിനെ രഹസ്യമായി ചോദ്യം ചെയ്ത തൃശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിന്റെ നടപടി വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.
ഇതുസംബന്ധിച്ച് ഐ.ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജേക്കബ് ജോബിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
