ഹിന്ദു പേരില്‍ ബിരിയാണി വിറ്റുവെന്നാരോപണം; ഉത്തരാഖണ്ഡില്‍ ഹോട്ടലുടമയ്‌ക്കെതിരെ കേസ്‌
India
ഹിന്ദു പേരില്‍ ബിരിയാണി വിറ്റുവെന്നാരോപണം; ഉത്തരാഖണ്ഡില്‍ ഹോട്ടലുടമയ്‌ക്കെതിരെ കേസ്‌
നിഷാന. വി.വി
Saturday, 18th April 2026, 12:07 pm

ഉദ്ധവ് സിങ് നഗര്‍: ഉത്തരാഖണ്ഡിലെ ഉദ്ധവ് സിങ് നഗറില്‍ ഹിന്ദു പേരില്‍ ഹലാല്‍ ബിരിയാണി വില്പന നടത്തിയെന്നാരോപിച്ച് ഹോട്ടല്‍ ഉടമയായ മുസ്‌ലിം യുവാവിനെതിരെ കേസ്.

ഹിന്ദു റെസ്‌റ്റോറന്റില്‍ നിന്നും സൗരഭ് ബിരിയാണി എന്ന് ലിസ്റ്റ് ചെയ്ത ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തിരുന്നതെന്നും എന്നാല്‍ മുസ്‌ലിം റസ്‌റ്റോറന്റില്‍ നിന്നുമാണ് ബിരിയാണിയെത്തിയതെന്നുമാണ് ആരോപണം.

റെസ്റ്റോറന്റിന്റെ പേര് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുസ്‌ലിം സത്വം മറച്ച് വെക്കാനായിരുന്നു റസ്റ്റോറന്റുടമയുടെ ശ്രമമന്നെും അവകാശപ്പെട്ടാണ് ഹിന്ദുത്വ ഗ്രൂപ്പ് നേതാക്കള്‍ യുവാവിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.

ഹിന്ദുക്കളെ കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ സൗരഭ് ചിക്കന്‍ ബിരിയാണിയുടെ കീഴില്‍ റാഷിദ് മനഃപൂര്‍വ്വം തന്റെ ഐഡന്റിറ്റി മറച്ചുവെച്ചുവെന്ന് ഫുഡ് ഓര്‍ഡര്‍ ചെയ്ത രവി ആരോപിച്ചു.

താന്‍ ആപ്പിള്‍ ലോക്കേഷന്‍ വഴി നോക്കിയപ്പോള്‍ താന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നിന്നാണെന്നും അവിടെ ഹിന്ദു ഹോട്ടലുകള്‍ ഇല്ലെന്ന് മനസിലാക്കിയെന്നും രവി പറയുന്നു.

ഡെലിവറി ബോയ്‌യെ പിന്തുടര്‍ന്നപ്പോള്‍ മുസ്‌ലിമായ റാഷിദിന്റെ റസ്‌റ്റോറന്റില്‍ നിന്ന് ഓര്‍ഡര്‍ എടുക്കുന്നത് താനും സുഹൃത്തുക്കളും കണ്ടതായും രവി വാദിച്ചു.

ഹിന്ദു പേരില്‍ ഹലാല്‍ ഭക്ഷണം നല്‍കി വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് പ്രാദേശിക ഹൈന്ദവ സംഘടനകള്‍ കടയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ഉടമയെ മര്‍ദ്ദിക്കുകയും ചെയ്തു.

വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ഉടമയെ കസ്റ്റഡിയിലെടുക്കുകയും റെസ്റ്റോറന്റ് താത്ക്കാലികമായി അടപ്പിക്കുകയും ചെയ്തു. മനപൂര്‍വ്വം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

പ്രദേശത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.

‘സൗഹൃദം ഉറപ്പാക്കുകയും വര്‍ഗീയ സംഘര്‍ഷം തടയുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന,’ എസ്. ഐ ജോഷി കൂട്ടിച്ചേര്‍ത്തു.

Content Highlight: Case filed against restaurant owner in Uttarakhand for allegedly selling halal biryani under Hindu name

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.