ലോകകപ്പിന് യോഗ്യനാണെന്ന് തെളിയിക്കാന്‍ നെയ്മറിന് ഇനിയും രണ്ട് മാസമുണ്ട്: കാര്‍ലോ ആന്‍സലോട്ടി
Football
ലോകകപ്പിന് യോഗ്യനാണെന്ന് തെളിയിക്കാന്‍ നെയ്മറിന് ഇനിയും രണ്ട് മാസമുണ്ട്: കാര്‍ലോ ആന്‍സലോട്ടി
ശ്രീരാഗ് പാറക്കല്‍
Tuesday, 14th April 2026, 4:21 pm

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ലോകകപ്പിന് മുന്നോടിയായി ടീമില്‍ തിരിച്ചെത്താന്‍ സാധിക്കും എന്ന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കാന്‍ നെയ്മറിന് 100 ശതമാനം സാധിക്കുമെന്ന് ആന്‍സലോട്ടി പറഞ്ഞു. ടീം അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഫിറ്റ്‌നസ് മെച്ചപ്പെടുത്തി നെയ്മറിന് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ 100 ശതമാനവും സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും ഞാനും അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയാണ്. ലോകകപ്പ് സ്‌ക്വാഡില്‍ ഇടംനേടാന്‍ താന്‍ യോഗ്യനാണെന്ന് തെളിയിക്കാന്‍ നെയ്മറിന് മുന്നില്‍ ഇനിയും രണ്ട് മാസത്തെ സമയമുണ്ട്,’ ഫ്രഞ്ച് മാധ്യമമായ ‘എല്‍ എക്വിപ്പിന്’ നല്‍കിയ അഭിമുഖത്തില്‍ ആന്‍സലോട്ടി പറഞ്ഞു.

ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി

ബ്രസീലിന് വേണ്ടി 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടിയിട്ടുള്ള താരമാണ് നെയ്മര്‍. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന നേട്ടവും താരത്തിനുണ്ട്. കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, ഒളിമ്പിക് ഗോള്‍ഡ് എന്നീ കിരീടങ്ങള്‍ നെയ്മര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും നെയ്മറിന് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഫിറ്റ്‌നസും താരത്തിന് വെല്ലുവിളിയായിരിക്കുകയാണ്.

2023 ഒക്ടോബറില്‍ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കുമ്പോഴാണ് നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അല്‍ഹിലാലില്‍ നിന്ന് ജനുവരിയില്‍ സാന്റോസിലേക്ക് താരം എത്തിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നെയ്മറിന് തിരിച്ചടിയായി.

നിലവില്‍ 2026 ജൂണ്‍ 12ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് നെയ്മര്‍. എന്നാല്‍ ലോക കപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ നെയ്മര്‍ക്ക് ഇടം നേടാന്‍ സാധിച്ചില്ല. ഫിറ്റ്‌നസ് നേടാന്‍ സാധിക്കാത്തതനാണ് നെയ്മര്‍ക്ക് തിരിച്ചടിയായത്.

നിലവില്‍ഡ 2026ലെ ലോകകപ്പില്‍ സി ഗ്രൂപ്പിലാണ് ബ്രസീല്‍. മൊറോക്കോ, ഹൈതി, സ്‌കോട്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content Highlight: Carlo Ancelotti Talking About Neymar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ