ദമാം:സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. സൗദിയിലെ ബിഷയിലുണ്ടായ വാഹനാപകടത്തിലാണ് കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ അഞ്ച് പേര്‍ മരിച്ചത്.

ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിര്‍, ഭാര്യ ഷബ്ന, മക്കളായ ലൈബ (7), സഹ (5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്.  ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സൗദി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകരുകയായിരുന്നു. അഞ്ച് പേരും അപകട സ്ഥലത്ത് തന്നെ മരിച്ചു.

ജാബിറിന് ജോലിയില്‍ സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ദമാമില്‍ നിന്ന് ജിസാനിലേക്ക് കാറില്‍ പോകുകയായിരുന്നു.

വീട്ടിലെ സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി അയച്ച ശേഷം കാറില്‍ ജാബിറും കുടുംബവും യാത്ര തിരിക്കുകയായിരുന്നു. മരിച്ചവര്‍ മലയാളികളാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്

മൃതദേഹം ബിഷക്കടുത്ത് അല്‍ റൈന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.