ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിനാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 248 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഗുജറാത്തിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ കൊല്‍ക്കത്ത 11 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കുതിച്ചു.
ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്കായി കിടിലന്‍ പ്രകടനം നടത്തിയത് ഫിന്‍ അലനാണ്. 35 പന്തില്‍ 10 സിക്സും നാല് ഫോറും ഉള്‍പ്പെടെ 93 റണ്‍സാണ് താരം അടിച്ചെടുത്തത്. 265.71 എന്ന മിന്നും സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. താരത്തിന് പുറമെ ആംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സ് നേടി. പുറത്താകാതെ ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ 28 പന്തില്‍ 52 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ഒരു കിടിലന്‍ മൈല്‍സ്‌റ്റോണ്‍ സ്വന്തമാക്കാനും ഗ്രീനിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.
41 മത്സരങ്ങളില്‍ നിന്ന് ഓസീസ് താരം 1023 റണ്‍സാണ് ഇതുവരെ നേടിയത്.40.92 എന്ന കിടിലന്‍ ആവറേജും 152.69 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. നാല് അര്‍ധ സെഞ്ച്വറികളാണ് ഇതുവരെ താരം സ്വന്തമാക്കിയത്. 100* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരത്തിനുള്ളത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 49 പന്തില്‍ നിന്ന് 85 റണ്‍സാണ് താരം നേടിയത്. ഏഴ് സിക്സും അഞ്ച് ഫോറുമായിരുന്നു ഗില്‍ നേടിയത്. ജോസ് ബട്‌ലര്‍ 35 പന്തില്‍ 57 റണ്‍സും നേടി. സായ് സുദര്‍ശന്‍ 28 പന്തില്‍ നിന്ന് മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 53 റണ്‍സ് നേടി.
കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും സൗരഭ് ദുബെ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Cameron Green Complete 1000 Runs In IPL