ന്യൂദല്‍ഹി: സി.എ.ജി റിപ്പോര്‍ട്ടിന് സുപ്രീം കോടതി വിധിയെ സ്വാധീനിക്കാന്‍ മാത്രം പ്രസക്തിയില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ വിധിയില്‍ സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായി നില്‍ക്കവെയാണ് കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

“നടപടിക്രമങ്ങളെക്കുറിച്ചും, വിലയെക്കുറിച്ചും, പങ്കാളികളെക്കുറിച്ചും പരാമര്‍ശിക്കുന്ന കോടതിയുടെ അന്ത്യവിധിയിലെ പറഞ്ഞ കാര്യങ്ങളെ സ്വാധീനിക്കാനുള്ള പ്രസക്തി സി.എ.ജി റിപ്പോര്‍ട്ടിനില്ല. പക്ഷെ തോറ്റവര്‍ ഒരിക്കലും സത്യം അംഗീകരിക്കില്ല. കള്ളങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ വിധിയെക്കുറിച്ച് മോശമായി സംസാരിക്കുകയാണവര്‍. തുടക്കത്തിലെ കള്ളങ്ങളില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ വിധിയെക്കുറിച്ച് കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണ്”- ജെയ്റ്റ്‌ലിയുടെ പ്രസ്താവനയില്‍ പറയുന്നു.

Also Read റഫേല്‍ കരാര്‍; കോടതി ഉത്തരം പറയാതെ ബാക്കി വെച്ച 9 ചോദ്യങ്ങള്‍

റഫാല്‍ ജെറ്റ് വിമാനത്തിന്റെ കാര്യക്ഷമതയില്‍ സംശയമില്ലെന്നും വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലെന്നും അതിനാല്‍ യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ലെന്നുമാണ് കോടതി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു.

എന്നാല്‍ വസ്തുതാവിരുദ്ധമായ കോടതി വിധിയുടെ 25ാം ഖണ്ഡിക വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. വിമാനങ്ങളുടെ വിലയെ സംബന്ധിച്ച വിവരങ്ങള്‍ സി.എ.ജിക്ക് കൈമാറിയിട്ടുണ്ടെന്നും അത് പി.എ.സി പരിശോധിച്ചതാണെന്നുമായിരുന്നു ഖണ്ഡികയില്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ടു പുറത്തു വന്നിട്ടില്ലെന്ന് സമര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി, പ്രശാന്ത് ഭൂഷണ്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് വിഷയം വിവാദമായി.

Also Read റഫാല്‍ വിധി; കേന്ദ്രസര്‍ക്കാരിന്റെ കത്ത് കോടതി തെറ്റായി വായിച്ചെന്ന് സര്‍ക്കാര്‍, തിരുത്തല്‍ അപേക്ഷ നല്‍കി

എന്നാല്‍ കരാറിനെ സംബന്ധിച്ച വിധിയില്‍ തങ്ങള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സുപ്രീം കോടതി തെറ്റായി വായിച്ചതാണ് വിവാദങ്ങളിലേക്ക് നയിച്ചതെന്ന് അവകാശപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഇതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Image Credits: PTI