ലഖ്‌നൗ: 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 52 രാഷ്ട്രീയ നേതാക്കള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഓരോ ജാക്കറ്റിനും ഏകദേശം 10 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നേതാക്കള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ എട്ട് നേതാക്കള്‍ക്കും രണ്ടാംഘട്ടത്തില്‍ 44 നേതാക്കള്‍ക്കുമാണ് ജാക്കറ്റുകള്‍ നല്‍കിയത്.
സംസ്ഥാന മന്ത്രിമാരായ സഞ്ജയ് നിഷാദ്, നന്ദ് ഗോപാല്‍ ഗുപ്ത, ഓം പ്രകാശ് രാജ്ഭര്‍ എന്നിവരും ജാക്കറ്റ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ബി.ജെ.പി നേതാവ് അപര്‍ണ യാദവിയും പട്ടികയിലുണ്ട്. സ്വതന്ത്ര ദേവ് സിങ്, ജയ് വീര്‍ സിങ്, മഹേന്ദ്ര സിങ് തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് 98 നേതാക്കള്‍ക്കും മറ്റ് പ്രമുഖ വ്യക്തികള്‍ക്കും വിവിധ വിഭാഗങ്ങളിലുള്ള സുരക്ഷ ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിനിടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നത്.
403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനാ പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Bulletproof jackets for 52 leaders in UP; Yogi, Akhilesh, and Mayawati on the list.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.