മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പട്ട അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മോളിവുഡ് ടൈംസ്. മലയാളത്തിലെ അപ്കമിങ് സൂപ്പര്‍സ്റ്റാര്‍ നസ്‌ലെന്‍ നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ചിത്രത്തിലെ താരനിരയുടെ ബലത്തിലും മോളിവുഡ് ടൈംസ് ഹൈപ്പ് സൃഷ്ടിച്ചിരുന്നു.
ഒരു സംവിധായകനാകാന്‍ അതിയായ ആഗ്രഹമുള്ള വിനീത് മാധവന്‍ എന്ന കഥാപാത്രത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം ജൂണ്‍ അഞ്ചിനായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. ആദ്യ ദിനങ്ങളില്‍ ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും വലിയ വിഭാഗം വരുന്ന മലയാളി ഓഡിയന്‍സിനെ ചിത്രത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാതെ പോയ കാഴ്ചയ്ക്കായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ സിനിമാ ലോകം സാക്ഷ്യം വഹിച്ചത്.
ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഇതുവരെ മോളിവുഡ് ടൈംസ് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജൂണ്‍ അഞ്ചിന് ഓപ്പണിങ് ദിനത്തില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഒന്നരക്കോടിയിലധികം നേടിക്കൊണ്ട് നസ്‌ലെന്റെ കരിയറില്‍ ആലപ്പുഴ ജിംഖാനയ്ക്ക് ശേഷമുള്ള മികച്ച ഓപ്പണിങ് ചിത്രമായിക്കൊണ്ടായിരുന്നു മോളിവുഡ് ടൈംസ് വരവറിയിച്ചത്.
അതേസമയം ആഗോളതലത്തില്‍ ആകെ കളക്ഷന്‍ നാലുകോടിക്ക് അടുത്തായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മികച്ച കളക്ഷന്‍ ലഭിച്ചതോടെ വീക്കെന്‍ഡ് കളക്ഷനിലും ചിത്രത്തിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രം ഇതുവരെ കേരള ബോക്‌സ് ഓഫീസില്‍ നിന്നും 6.14 കോടിയും ആഗോളതലത്തില്‍ 13 കോടിയും ചിത്രം സ്വന്തമാക്കിയതായാണ് വിശ്വസനീയമായ വൃത്തങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തില്‍ നസ്‌ലെന് പുറമെ സംഗീത് പ്രതാപ്, ജഗദീഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷറഫുദ്ദീന്‍, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. സക്‌സസ് ട്രിലോജിയില്‍ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം താന്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മോളിവുഡ് ടൈംസ് എന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.
Content Highlight: Box Office collection report of Mollywood Times starring Naslen
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.