മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജു പിള്ള. സിനിമാ-സീരിയൽ രംഗത്ത് ഒരുപോലെ സജീവമായ നടി 1991ൽ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. വർഷങ്ങളോളം ഹാസ്യ വേഷങ്ങൾ തന്നെയായിരുന്നു മഞ്ജു ചെയ്തിരുന്നത്. എന്നാൽ പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
2021ൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ ആനിയമ്മയെന്ന കഥാപാത്രമാണ് മഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാകുന്നത്. പിന്നീട് 2023ൽ എത്തിയ ഫാലിമി എന്ന സിനിമയിലെ രമയെന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

കെ.പി.എ.സി ലളിത,മഞ്ജു പിള്ള. Photo. Screen Grab/ Youtube
ഇപ്പോഴിതാ കെ.പി.എ.സി ലളിതയുടെ അവസാന നാളുകളിലെ ഫോൺവിളികളെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് നടി മഞ്ജു പിള്ള. ലളിതാമ്മ പതിവായി വിളിക്കാറുണ്ടായിരുന്നെന്നും എന്നാൽ ചില സാഹചര്യങ്ങളിൽ ആ കോളുകൾ എടുക്കാൻ കഴിയാതെ പോയത് ഇപ്പോഴും മനസിൽ വിഷമമുണ്ടാക്കുന്നുണ്ടെന്നും മഞ്ജു പിള്ള അമൃത ടിവിയിൽ പറഞ്ഞു.
ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി കൊറോണ സമയത്ത് ലളിതാമ്മ തമിഴ്നാട്ടിൽ പോയ അനുഭവമാണ് മഞ്ജു പിള്ള ഓർത്തുവെച്ച് പറഞ്ഞത്.
‘ഒരിക്കൽ ഉർവശി ചേച്ചിയൊക്കെ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ ലളിതാമ്മ തമിഴ്നാട്ടിൽ പോയിരുന്നു. അന്ന് രാവിലെ വിളിക്കും, ഉച്ചയ്ക്ക് വിളിക്കും, വൈകുന്നേരവും വിളിക്കും. ഇങ്ങനെ ദിവസവും പലതവണ വിളിക്കുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മണിയമ്മ ഒരിക്കൽ ചോദിച്ചു, എന്തിനാണ് എപ്പോഴും വിളിക്കുന്നതെന്നും അവിടെ എന്തെങ്കിലും ജോലിയിലായിരിക്കില്ലേ എന്നും പറയാറുണ്ടായിരുന്നു,’ മഞ്ജു പറഞ്ഞു.
അതിന് തിരിച്ച് മറുപടി ലളിതാമ്മ കൊടുക്കുകയും ചെയ്യും. പിന്നീടും എപ്പോഴും വിളിക്കുകയും അവിടെത്തെ കാര്യങ്ങളും വിശേഷങ്ങളുമെല്ലാം അറിയിക്കാറുണ്ടെന്നും മഞ്ജുപിള്ള പറഞ്ഞു.
‘നിന്റെ കാശിനൊന്നുമല്ലല്ലോ ഞാൻ വിളിക്കുന്നത്, എന്റെ ഫോണിൽനിന്നല്ലേ? എന്ന് പറഞ്ഞ് മണിയമ്മയോട് ദേഷ്യപ്പെടുമായിരുന്നു. തനിക്ക് അവിടെ ബോറടിക്കുന്നുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണം ആരും പുറത്തേക്ക് വിടുന്നില്ലെന്നും കൊറോണ സമയമായതിനാൽ അതിർത്തിയിൽ വലിയ പ്രശ്നങ്ങളുണ്ടെന്നും ലളിതാമ്മ പറയാറുണ്ടായിരുന്നു,’ മഞ്ജു പറഞ്ഞു.
ലളിതാമ്മ വിളിക്കുമ്പോൾ പരമാവധി ഫോൺ എടുക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ചിലപ്പോൾ ഫാമിലെ പോത്തുകളെ നോക്കിനിൽക്കുന്ന തിരക്കിൽ കോളുകൾ എടുക്കാൻ കഴിയാതെ പോയിട്ടുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു. ചില വിളികൾ ശ്രദ്ധയിൽപ്പെടാതെ പോയതിൽ പിന്നീട് മനസ്താപം തോന്നിയെന്നും താരം വ്യക്തമാക്കി.

കെ.പി.എ.സി ലളിത,മഞ്ജു പിള്ള. Photo. Facebook.com
‘ഒരു പത്ത് പന്ത്രണ്ട് ദിവസം തുടർച്ചയായി വിളിച്ചിരുന്നു. പിന്നെ കുറച്ചുദിവസത്തേക്ക് വിളിയൊന്നും വന്നില്ല. അപ്പോഴാണ് എന്താണ് വിളിക്കാത്തത്, ഇങ്ങനെ പതിവില്ലല്ലോ എന്ന് ചിന്തിച്ചത്. തിരിച്ചു വിളിച്ചപ്പോഴാണ് അമ്മയ്ക്ക് അസുഖം കൂടി ആശുപത്രിയിൽ അഡ്മിറ്റായ വിവരം അറിയുന്നത്. ആ കോളുകൾ പലതും എനിക്ക് എടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നത് ഇപ്പോഴും വലിയ വിഷമമാണ്,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: actress Manju Pillai shares her recollections regarding the phone calls made during K.P.A.C. Lalitha’s final days
