ലാഹോര്‍: വിശുദ്ധ ഖുര്‍-ആനെ നിന്ദിച്ചു എന്ന പേരില്‍ പാകിസ്ഥാനില്‍ ക്രിസ്തീയ ദമ്പതികളെ അടിച്ചുകൊന്നു. ലഹോറില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായി പഞ്ചാബ് പ്രവിശ്യയിലുള്ള രാധ കിഷന്‍ നഗരത്തിലാണ് സംഭവം. ഷാമ, ഷെഹ്‌സാദ് എന്നീ ദമ്പതിമാരാണ് കൊല്ലപ്പെട്ടത്. ദമ്പതികളെ അടിച്ചു കൊലപ്പെടുത്തിയതിന് ശേഷം അവര്‍ ജോലി ചെയ്തിരുന്ന ഇഷ്ടിക ചൂളയില്‍ ഇട്ട് മൃതദേഹം കത്തിക്കുകയായിരുന്നു.
പാകിസ്ഥാനില്‍ ഏറ്റവും അധികം വിമര്‍ശിക്കപെടുന്ന നിയമമാണ് മതനിന്ദാ നിയമം. മെയ് മാസത്തില്‍ റാഷിദ് റെഹ്മ എന്ന വക്കീലിനെ മതനിന്ദ നടത്തിയ വ്യക്തിയുടെ കേസ് വാദിച്ചതിന് മുള്‍ത്താനില്‍ കൊലപെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മാസം ആസിയ ബീബി എന്ന ക്രിസ്ത്യന്‍ വനിതയെ പാകിസ്ഥാന്‍ കോടതി വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനില്‍ കീഴ്‌ക്കോടതികള്‍ വിധിച്ച പല വധശിക്ഷ വിധികളും മതിയായ തെളിവുകളുടെ അഭാവത്തില്‍ റദ്ദ് ചെയ്യപ്പെടാറുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പടെയുള്ള സംഘടനകള്‍ പാകിസ്ഥാനോട് കുറ്റവാളികളെ പുറത്ത് കൊണ്ട് വരാന്‍ ആവശ്യപെട്ടിട്ടുണ്ട്. പാകിസ്ഥാനില്‍ മതനിന്ദ നിയമ പ്രകാരം കുറ്റാരോപിതരായവര്‍ക്ക് നേരെയുള്ള കൈയേറ്റം ഏറിവരികയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരാണ് ഏറെയും ഇത്തരം അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നത്.
