ബംഗാളില്‍ പ്രവര്‍ത്തകരും ബി.ജെ.പിയെ കൈയൊഴിയുന്നു; ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തതില്‍ ക്ഷമചോദിച്ച് പ്രവര്‍ത്തകരുടെ പരസ്യപ്രചരണം
national news
ബംഗാളില്‍ പ്രവര്‍ത്തകരും ബി.ജെ.പിയെ കൈയൊഴിയുന്നു; ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തതില്‍ ക്ഷമചോദിച്ച് പ്രവര്‍ത്തകരുടെ പരസ്യപ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th June 2021, 11:00 am

കൊല്‍ക്കത്ത: നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന് പിന്നാലെ ബംഗാളില്‍ ബി.ജെ.പിയെ പ്രവര്‍ത്തകരും കൈയൊഴിയുന്നു. ബി.ജെ.പിയ്ക്ക് വോട്ട് ചെയ്തതില്‍ പശ്ചാത്തപിക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ് പ്രവര്‍ത്തകര്‍ ബംഗാളിലുടനീളം അനൗണ്‍സ്‌മെന്റ് നടത്തുകയാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇലക്ട്രിക് ഓട്ടോറിക്ഷകളില്‍ സ്പീക്കറും മൈക്കും ഘടിപ്പിച്ച് ബി.ജെ.പിയെ തെറ്റിദ്ധരിച്ചു, നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ പിന്തുണച്ചതില്‍ ഖേദിക്കുന്നു എന്നൊക്കെ പറഞ്ഞാണ് അനൗണ്‍സ്‌മെന്റ്. ബിര്‍ഭും, ഹൂഗ്ലി ജില്ലകളിലാണ് ഇത്തരത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

ബിര്‍ഭൂമിലെ ബോലാപ്പൂരില്‍ 18-ാം വാര്‍ഡില്‍ നടന്ന പ്രചരണത്തില്‍ ബി.ജെ.പി. തട്ടിപ്പുകാരുടെ പാര്‍ട്ടിയാണെന്നാണ് പറയുന്നത്.

‘ബി.ജെ.പി ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകാരണവര്‍. ഞങ്ങള്‍ മമതാ ബാനര്‍ജിയ്ക്ക് പകരക്കാരായി ആരേയും കാണുന്നില്ല. ഞങ്ങള്‍ക്ക് വികസനത്തിനൊപ്പം നില്‍ക്കണം,’ അനൗണ്‍സ്‌മെന്റില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മുകുള്‍ മണ്ഡല്‍ എന്ന ബി.ജെ.പി. പ്രവര്‍ത്തകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

സൈന്ധ്യയില്‍ നിന്ന് 300 ഓളം ബി.ജെ.പി. പ്രവര്‍ത്തകരാണ് മമതയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തൃണമൂലിലെത്തിയത്. യുവമോര്‍ച്ച മുന്‍ മണ്ഡലം പ്രസിഡന്റ് തപന്‍ സഹയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ധൈനികഹള്ളിയിലെ നിരവധി പ്രവര്‍ത്തകരും ബി.ജെ.പി. വിട്ട് തൃണമൂലിലെത്തിയിട്ടുണ്ട്. അതേസമയം ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം മുന്‍ തൃണമൂല്‍ നേതാക്കളില്‍ പലരും ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയിയും കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുകുള്‍ റോയിയുമായി അടുപ്പമുള്ള പലനേതാക്കളും തൃണമൂലിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.

മാത്രമല്ല കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് മൂന്ന് എം.എല്‍.എമാര്‍ വിട്ടുനിന്നിരുന്നു.

ബി.ജെ.പി. വിട്ടേക്കുമെന്ന പരോക്ഷ പ്രതികരണവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുകുള്‍ റോയ് ബി.ജെ.പി. വിട്ടത് പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുമെന്നാണ് മുന്‍ തൃണമൂല്‍ എം.എല്‍.എയും ഇപ്പോഴത്തെ ബി.ജെ.പി. നേതാവുമായ സുനില്‍ സിംഗ് പറയുന്നത്.

തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് പാര്‍ഗ്നാസ് ജില്ലയിലെ നിര്‍ണായക പാര്‍ട്ടി യോഗത്തില്‍ നിന്ന് മൂന്ന് എം.എല്‍.എമാരും ഒരു എം.പിയും വിട്ടുനിന്നിരുന്നു. മുകുള്‍ റോയി ബി.ജെ.പിയിലെ സമുന്നതനായ നേതാവായിരുന്നെന്നും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കഴിഞ്ഞാല്‍ രണ്ടാമത്തെ അധികാരകേന്ദ്രമായിരുന്നു മുകുളെന്നുമാണ് ബാഗ്ജ എം.എല്‍.എ. ബിശ്വജിത്ത് ദാസ് പറയുന്നത്.

‘രാജ്യത്തെ സ്വാധീനമുള്ള രാഷ്ട്രീയവ്യക്തിത്വമാണ് മുകുള്‍ റോയ്. അങ്ങനെയൊരാള്‍ പാര്‍ട്ടി വിടുമ്പോള്‍ എന്തായാലും അതിന്റെ പ്രതിഫലനങ്ങളുണ്ടാകും,’ ബിശ്വജിത്ത് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പിയിലെത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ നിന്നും തൃണമൂലിലേക്ക് തിരിച്ചുവരികയാണെന്ന് മുകുള്‍ റോയ് പറഞ്ഞത്. ഇതിന് പിന്നാലെ മുകുള്‍ റോയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയാണ് മുകുള്‍ റോയ്ക്ക് ഏര്‍പ്പെടുത്തിയത്.

മുകുള്‍ റോയിയെ തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകുള്‍ റോയ്ക്കൊപ്പം മകന്‍ സുഭ്രാന്‍ഗ്ഷു റോയിയും തൃണമൂലിലേക്ക് തിരിച്ചെത്തും. മമതയുമായി മുകുള്‍ റോയ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

2017 ലാണ് തൃണമൂല്‍ വിട്ട് മുകുള്‍ റോയ് ബി.ജെ.പിയിലെത്തിയത്. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP workers take to streets with public apology West Bengal