'സീതയായി ഹിന്ദുവായ നടി വേണം'; ബോയ്ക്കോട്ട് കരീന കപൂര്‍ ഖാന്‍ ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗ്
Bollywood movies
'സീതയായി ഹിന്ദുവായ നടി വേണം'; ബോയ്ക്കോട്ട് കരീന കപൂര്‍ ഖാന്‍ ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th June 2021, 10:20 pm

ന്യൂദല്‍ഹി: രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ കരീന കപൂറിനെ നായികയാക്കാനുള്ള തീരുമാനത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍. സീതയായി അഭിനയിക്കാന്‍ കരീന കപൂര്‍ വലിയ തുക ആവശ്യപ്പെട്ടെന്നും ഹിന്ദു വിശ്വാസിയായ നടിയെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കണമെന്നുമാണ് സംഘപരിവാര്‍ അനുകൂലികള്‍ ട്വിറ്ററില്‍ ആവശ്യപ്പെടുന്നത്. സംഘപരിവാര്‍ അനുകൂലിയായ നടി കങ്കണ റണാവതിനെ നായികയാക്കണമെന്ന ആവിശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

നിരവധി സംഘപരിവാര്‍ അനുകൂലികളാണ് കരീനയെ സിനിയമയില്‍ നിന്ന് മാറ്റണമെന്ന് ട്വിറ്ററില്‍ ആവശ്യപ്പെടുന്നത്. ബോയ്ക്കോട്ട് കരീന കപൂര്‍ ഖാന്‍ എന്ന ഹാഷ് ടാഗും ഇതിനകം ട്വിറ്ററില്‍ ട്രന്‍ഡിംഗായിട്ടുണ്ട്.

അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘സീത ദി ഇന്‍കാര്‍നേഷനി’ എന്ന ചിത്രത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രചരണം കനക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരീനയെ സമീപിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നായികയാകാന്‍ 12 കോടി രൂപ പ്രതിഫലം കരീന കപൂര്‍ ആവശ്യപ്പെട്ടത് വാര്‍ത്തയായതോടെയാണ് സംഘപരിവാര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കരീനക്കെതിരെ എത്തിയത്.

കഴിഞ്ഞ ഫെബ്രുവരി അവസാന വാരമാണ് സീത ദി ഇന്‍കാര്‍നേഷനി പ്രഖ്യാപിച്ചത്. രാവണനായി രണ്‍വീര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കെ.വി. വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും. എ. ഹ്യൂമണ്‍ ബിയിങ് സ്റ്റുഡിയോ ആണ് നിര്‍മാണം.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. അതേസമയം, നിര്‍മ്മാതാക്കളോ കരീനയോ ഇതുവരെ സിനിമയുടെ ഭാഗമാണെന്ന ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIFGTS: Sangh Parivar activists protest against Kareena Kapoor’s decision to star in Ramayana based film