അമ്പയറോട് മോശമായി പെരുമാറിയ സംഭവം; ഷാക്കിബ് അല്‍ ഹസന് നാല് മത്സരങ്ങളില്‍ വിലക്ക്
Cricket
അമ്പയറോട് മോശമായി പെരുമാറിയ സംഭവം; ഷാക്കിബ് അല്‍ ഹസന് നാല് മത്സരങ്ങളില്‍ വിലക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th June 2021, 7:09 pm

ധാക്ക: ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെ നാല് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മുഹമ്മദിയന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ മസുദുസ്സാമനാണ് ഇക്കാര്യം അറിയിച്ചത്. ഡി.പി.എല്ലിന്റെ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് റൗണ്ട് മത്സരങ്ങള്‍ ഷാക്കിബിന് നഷ്ടമാകും.

വെള്ളിയാഴ്ചയാണ് മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് മുഹമ്മദന്‍സ് താരമായ ഷാക്കിബ് എല്‍ബിഡബ്ല്യു അപ്പീലിനുശേഷം നിയന്ത്രണംവിട്ട് പെരുമാറിയത്.

അബഹാനിയുടെ താരമായ മുഷ്ഫിഖുര്‍ റഹീമിനെതിരെ പന്തെറിയുകയായിരുന്ന ഷാക്കിബ് എല്‍.ബി.ഡബ്ല്യൂ.വിന് അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. തൊട്ടടുത്ത നിമിഷം ഷാക്കിബ് ദേഷ്യത്തോടെ നോണ്‍സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപ് കാലുകൊണ്ടു തട്ടിത്തെറിപ്പിക്കുകയായിരുന്നു. പിന്നാലെ അമ്പയറോട് കയര്‍ത്ത് സംസാരിച്ചതോടെയാണ് വിവാദം തുടങ്ങിയത്.

ഇതുകൂടാതെ ആറാം ഓവറില്‍ മഴയെത്തിയപ്പോള്‍ അമ്പയര്‍ മത്സരം നിര്‍ത്തിവെക്കേണ്ടിവന്നപ്പോഴും നോണ്‍സ്ട്രൈക്കിലെ അമ്പയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിഞ്ഞിരുന്നു.

ഇതേത്തുടര്‍ന്ന് സംഭവം വലിയ വിവാദമായിരുന്നു. ഷാക്കിബ് ആരാധകരോട് ക്ഷമ ചോദിക്കുകവരെയുണ്ടായിരുന്നു. ഒരു സീനിയര്‍ താരത്തില്‍ നിന്നുണ്ടാവേണ്ട പെരുാറ്റമല്ല ഇതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഷാക്കിബ് ഫേസ്ബുക്കില്‍ പറഞ്ഞു.

അതേസമയം, വിവാദത്തിലായ ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെ പിന്തുണച്ച് ഭാര്യ ഉമെ അഹമ്മദ് ശിശിര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തിന്റെ ഗൗരവം പരിശോധിക്കാതെ ഭര്‍ത്താവിനെ വില്ലനായി ചിത്രീകരിക്കാനാണ് ശ്രമമെന്ന് അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഷാക്കിബിനെ വിമര്‍ശിക്കുന്നവര്‍ അദ്ദേഹത്തിന്റെ ദേഷ്യം മാത്രമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും അംപയറുടെ തെറ്റായ തീരുമാനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നുമാണ് ഉമെ അഹമ്മദ് ശിശിറിന്റെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Bangladesh cricketer Shakib Al Hasan has been suspended for four matches for misconduct on the ground.