മെഴുകുതിരി കത്തിച്ച്, പ്ലേറ്റ് കൊട്ടി, ഗോ പട്ടേല്‍ ഗോ മുഴക്കാന്‍ ലക്ഷദ്വീപ് ജനത; അഡ്മിനിസ്‌ട്രേറ്ററിന്റെ സന്ദര്‍ശന ദിവസം സമ്പൂര്‍ണ്ണ കരിദിനം
national news
മെഴുകുതിരി കത്തിച്ച്, പ്ലേറ്റ് കൊട്ടി, ഗോ പട്ടേല്‍ ഗോ മുഴക്കാന്‍ ലക്ഷദ്വീപ് ജനത; അഡ്മിനിസ്‌ട്രേറ്ററിന്റെ സന്ദര്‍ശന ദിവസം സമ്പൂര്‍ണ്ണ കരിദിനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th June 2021, 9:08 am

കവരത്തി: ലക്ഷദ്വീപില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ സന്ദര്‍ശത്തിനെത്തുന്ന ദിവസം സമ്പൂര്‍ണ്ണ കരിദിനമായി ആചരിക്കാന്‍ ആഹ്വാനം. പ്രഫുല്‍ പട്ടേലെത്തുന്ന ജൂണ്‍ 14ന് കരിദിനമായി ആചരിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു.

ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മള്‍ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കരിദിനമായി ആചരിക്കണമെന്ന് ലക്ഷദ്വീപ് സേവ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടത്.

കരിദിനത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും കറുത്ത കൊടികള്‍ കൊണ്ട് നിറക്കണമെന്നും റോഡരികിലുള്ളവര്‍ റോഡിലേക്ക് കാണുന്ന രീതിയില്‍ കൊടികള്‍ കെട്ടാന്‍ ശ്രദ്ധിക്കണമെന്നും ഫോറം നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

കറുത്ത വസ്ത്രമുള്ളവര്‍ അന്നേ ദിവസം അത് ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും എല്ലാവരും കറുത്ത മാസ്‌ക് വെക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. കറുത്ത മാസ്‌കോ വസ്ത്രമോ ഇല്ലാത്തവര്‍ കറുത്ത ബാഡ്‌ജെങ്കിലും ധരിച്ചിരിക്കണമെന്നും ഇവര്‍ പറഞ്ഞു.

കരിനിയമങ്ങള്‍ക്കെതിരെ പ്ലക്കാര്‍ഡുകളും മറ്റും തയ്യാറാക്കുക. അഡ്മിനിസ്‌ട്രേറ്റര്‍ വരുന്ന ദിവസം രാത്രി കൃത്യം 9 മണിക്ക് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പ്ലേറ്റും ചിരട്ടയും കൊട്ടി ‘ഗോ പട്ടേല്‍ ഗോ’ എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കണം. ഇതിന്റെയെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നും ഫോറം പറഞ്ഞു.

പ്രതിഷേധങ്ങളെല്ലാം വീടിനകത്തും പരിസരത്തും മാത്രമായിരിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവര്‍ ആവശ്യപ്പെട്ടു.

അതേസമയം അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദീര്‍ഘകാലമായി പണി പൂര്‍ത്തിയാകാത്ത കോട്ടേജുകളും റിസോര്‍ട്ടുകളുമാണ് പൊളിച്ചുമാറ്റുന്നത്.

അഗത്തിയില്‍ മാത്രം 25 കെട്ടിടങ്ങളാണ് ഇതുവരെ പൊളിച്ചുമാറ്റിയത്. ശൂചീകരണ പ്രവര്‍ത്തിയുടെ പേരുപറഞ്ഞാണ് നിര്‍മാണം മുടങ്ങിയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്. നേരത്തെ മത്സ്യ തൊഴിലാളികളുടെ ഷെഡുകളും സമാനരീതിയില്‍ പൊളിച്ചുമാറ്റിയിരുന്നു.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയ പ്രഫുല്‍ പട്ടേലിന്റെ നടപടിക്ക് പിന്നാലെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനത്തോളമെത്തിയിരുന്നു. കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Save Lakshadweep Forum to observe black day on June 14 as a protest against administrator Praful Khoda Patel