ഐഷയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല: അഡ്വ. കാളീശ്വരം രാജ്
Sedition
ഐഷയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല: അഡ്വ. കാളീശ്വരം രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th June 2021, 8:26 am

തിരുവനന്തപുരം: ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ കാളീശ്വരം രാജ്. 1962ലെ കേദാര്‍നാഥ് സിംഗ് കേസില്‍ വന്ന ഭരണഘടനാബെഞ്ചിന്റെ വിധിയും മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവാ കേസിലെ സുപ്രീം കോടതിവിധിയും അനുസരിച്ച് ഐഷയ്‌ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘കലാപമോ ആക്രമണമോ ലക്ഷ്യമിട്ടുള്ള ആഹ്വാനം മാത്രമേ രാജ്യദ്രോഹക്കുറ്റമായി മാറുന്നുള്ളൂവെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഐഷ സുല്‍ത്താനയുടെ പ്രസ്താവനയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല,’ കാളീശ്വരം രാജ് പറഞ്ഞു.

ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന ചാനല്‍ ചര്‍ച്ചകളില്‍ എത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് ദ്വീപ് അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് ഐഷ സുല്‍ത്താന പറഞ്ഞിരുന്നു.

ദ്വീപിന്റെ വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഉത്തരേന്ത്യന്‍ സംസ്‌കാരം ദ്വീപ് നിവാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് അഡ്മിനിസ്ട്രേറ്ററിന്റെയും സംഘത്തിന്റെയും ശ്രമമെന്നും ഐഷ പറഞ്ഞിരുന്നു.

അതേസമയം,ഐഷ സുല്‍ത്താനക്കെതിരെ പരാതി നല്‍കിയതിനെതിരെ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയില്‍ കൂട്ടരാജിയുണ്ടായി. ദ്വീപിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് അടക്കമുള്ള 12 പ്രവര്‍ത്തകരാണ് രാജിവെച്ചത്.

ബി.ജെ.പി. മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്, നിലവിലെ വൈസ് പ്രസിഡന്റ് ഉമ്മുകുല്‍സു, ഖാദി ബോര്‍ഡ് അംഗം കൂടിയായ സൈഫുല്ല ഹാജി ജാബിര്‍ സാലിഹത്ത്, അബ്ദുള്‍ സമദ്, അന്‍ഷാദ്, അബ്ദുഷുക്കൂര്‍, നൗഷാദ്, ചെറിയകോയ, ബാത്തിഷാ, മുഹമ്മദ് യാസീന്‍ ആര്‍.എം., മുനീര്‍ മൈദാന്‍ തുടങ്ങിയവരാണ് രാജിക്കത്ത് നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Adv. Kaleeswaram Raj Sedition FIR against Lakshadweep filmmaker Aisha Sultana