സെക്രട്ടറിയേറ്റു പടിക്കല്‍ നിരാഹാരമിരിക്കാന്‍ നേതാക്കന്മാരില്ല; വെട്ടിലായി ബി.ജെ.പി നേതൃത്വം
kERALA NEWS
സെക്രട്ടറിയേറ്റു പടിക്കല്‍ നിരാഹാരമിരിക്കാന്‍ നേതാക്കന്മാരില്ല; വെട്ടിലായി ബി.ജെ.പി നേതൃത്വം
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 1:57 pm

 

പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ബി.ജെ.പി നടത്തുന്ന സമരം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നു. സമരം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവാത്തതും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തതും ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ജനുവരി 22ന് സമരം അവസാനിപ്പിക്കാനാണ് പാര്‍ട്ടി നീക്കം.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ മൂന്ന് ബി.ജെ.പി നിരാഹാര സമരം ആരംഭിച്ചത്. ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി.കെ പത്മനാഭന്‍ എന്നിവര്‍ നിരാഹാരം കിടന്നിരുന്നു. എന്നാല്‍ ഇവര്‍ക്കു പിന്നാലെ നിരാഹാരത്തിനായി മുന്‍നിര നേതാക്കള്‍ തയ്യാറാവാത്ത അവസ്ഥയുണ്ടായി.

ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ കെ. സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിട്ടും നേതാക്കളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ് എന്നിവര്‍ സമരം നടത്താന്‍ തയ്യാറായില്ല. വി. മുരളീധരന്‍ എം.പി സമരപ്പന്തലില്‍ എത്തിയെങ്കിലും മുരളീധര പക്ഷം പൊതുവെ സമരത്തോട് മുഖംതിരിച്ച അവസ്ഥയിലാണ്.

Also read:എസ്.പിയും ബി.എസ്.പിയും ഉറച്ചുതന്നെ; നാളെ സംയുക്ത വാര്‍ത്തസമ്മേളനം നടത്തുമെന്ന് നേതാക്കള്‍

തുടര്‍ന്നാണ് ബി.ജെ.പി നേതാക്കളായ എന്‍. ശിവരാജനും പി.എം വേലായുധനും നിരാഹാരം കിടന്നത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി രമയാണ് ഇപ്പോള്‍ സമരപ്പന്തലിലുള്ളത്.

ശബരിമല കര്‍മ്മസമിതിക്കൊപ്പം സന്നിധാനത്ത് പ്രതിഷേധത്തിന് ബി.ജെ.പി പങ്കെടുക്കേണ്ടതില്ലെന്ന ആര്‍.എസ്.എസ് നിലപാടിനെ തുടര്‍ന്നാണ് സെക്രട്ടറിയേറ്റു പടിക്കല്‍ സമരം നടത്താന്‍ തീരുമാനിച്ചത്. സമരം തുടങ്ങി ഒരുമാസത്തിലേറെയായിട്ടും ഒരു ഘട്ടത്തില്‍പോലും സര്‍ക്കാര്‍ നിലപാടില്‍ അയവുവരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ജനുവരി 22വരെ സമരം തുടര്‍ന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ.